തിരുവനന്തപുരം : കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായരെ ആണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണൻ സ്റ്റാലിനിൽ നിന്നാണ് വേലായുധൻ കൈക്കൂലി വാങ്ങിയത്. ഇത് തെളിഞ്ഞ സാഹചര്യത്തിൽ ആഭ്യന്തര വകുപ്പാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
25,000 കൈക്കൂലി കേസിൽ പിടിയിലായ നാരായണനിൽ നിന്നാണ് ഡിവൈഎസ്പി 50,000 രൂപ കൈക്കൂലി വാങ്ങിയത്. നാരായണന്റെ ഇടപാടുകളെക്കുറിച്ച് അന്വേഷണത്തിന് നേതൃത്വം കൊടുത്തത് വേലായുധനാണ്. നാരായണന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയപ്പോഴാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ ലഭിച്ചത്.
നാരായണന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ വേലായുധന്റെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ അയച്ചതായി കണ്ടെത്തി. ഈ കേസിൽ നാരായണന് അനുകൂലമായ റിപ്പോർട്ടാണ് വേലായുധൻ നൽകിയിരുന്നത്. ഇത് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചത്.
അതേസമയം വേലായുധൻ ഇപ്പോഴും ഒളിവിലാണ്. ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മുങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. വിജിലൻസ് പരിശോധനയ്ക്കിടെയാണ് വേലായുധൻ കടന്നുകളഞ്ഞത്. സ്റ്റേറ്റ്‌മെന്റിൽ ഒപ്പുവച്ചശേഷം വീടിന് പിന്നിലേക്ക് പോയ വേലായുധൻ ഓടി രക്ഷപ്പെട്ടതായാണ് വിവരം.
Discussion about this post