‘കൗസൂ ചാണം വാര് .. കൗസൂ ചാണം വാര് ..’
മോഹന്റെ ഇളക്കങ്ങളിൽ കുസൃതി തുളുമ്പുന്ന ഈണത്തിൽ, നോട്ടത്തിൽ, സത്യചിത്രയെ തൊഴുത്തിലേക്ക് വിളിക്കുന്ന കറവക്കാരൻ ആയിട്ടാണ് ഇന്നസെന്റിനെ ആദ്യം ശ്രദ്ധയിൽ പെടുന്നത്. മലയാള സിനിമയിൽ അധികമൊന്നും കേട്ടിട്ടില്ലാത്ത തൃശൂർ ഭാഷ തീയറ്ററിൽ മുഴങ്ങുമ്പോൾ ആളുകൾ ആർത്തു ചിരിച്ചു.. ‘കൊള്ളാലോ ഇവൻ’ എന്ന് ഇടവേള നേരത്ത് അതെ ഈണത്തിൽ ആരോ മൂത്രപ്പുരയിൽ പറയുന്നതും കേട്ടു. ഓരോ ദേശക്കാർക്കും തങ്ങളുടെ സ്ലാങ്ങാണ് ഏറ്റവും നല്ലതെന്ന തോന്നൽ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അതെ വികാരത്തിന്റെ പുറത്ത് എപ്പോഴൊക്കെ തൃശൂർ ഭാഷ മുഴങ്ങുന്നുണ്ടോ.. അപ്പോൾ ഉള്ളിലാരോ ഇരുന്ന് ‘ഗെഡി മ്മടെ ആളാട്ടാ’ എന്നാരോ പറയുന്ന ഒരു തോന്നൽ ഉണ്ടാക്കും. തൃശൂർ ഭാഷ അത്ര ഗംഭീരമാണോ? സുന്ദരമാണോ? അറിയില്ല.. പക്ഷെ അതേറെ പ്രിയപ്പെട്ടതാണെന്നറിയാം. കുറെ വാക്കുകൾ വിഴുങ്ങി, പദപ്രയോഗങ്ങൾ ലോപിച്ച്, ഒരു പ്രത്യേക ഈണത്തിൽ അത് കേൾക്കുമ്പോൾ ഒരു സുഖമുണ്ട്. അത് ഇന്നസെന്റിന്റെ നാക്കിൽ നിന്നാവുമ്പോൾ ഇരട്ടി മധുരവും.
ഇന്നസെന്റ് എന്ന പേര് തൃശൂരിലും ഒട്ടും പ്രചാരമുള്ളതല്ല. പൊറിഞ്ചു, ലോനപ്പൻ, ചേറുണ്ണി, ഈനാശു, മാർഗിലി, കർമ്മല .. തുടങ്ങിയ പരമ്പരാഗത നസ്രാണി പേരുകൾക്കിടയിലും, ജോസ്, തോമാസ് (തെക്കൻ കേരളത്തിലെ തോമസല്ല – ഇത് തോമാസ് ), വറീസ് തുടങ്ങിയ കോമൺ പേരുകൾക്കിടയിലും, ചാർളി, സ്റ്റാൻലി, വിൻസെന്റ്.. തുടങ്ങിയ സ്റ്റൈലൻ പേരുകൾക്കിടയിലും, ജോജു, പൗളി, സണ്ണി, ആന്റു, മെജോ തുടങ്ങിയ ചെറുപ്പക്കാരുടെ പേരുകൾക്കിടയിലും.. ഒരു ഇന്നസെന്റിനെ, അതിപ്പോ ഇരിങ്ങാലടയിൽ ആയാലും, കുന്നോളത്ത് ആയാലും ചാലിശ്ശേരിയിലോ, എന്തിന് തൃശൂർ അങ്ങാടിയിൽ പോലും കണ്ടുകിട്ടാൻ വലിയ പ്രയാസമായിരിന്നു. അതുകൊണ്ട് തന്നെ വിട പറയും മുമ്പേ എന്ന സിനിമ കണ്ടു കണ്ണ് തുടച്ചപ്പോഴും ‘ശത്രു’ ഇന്റർനാഷണൽ എന്ന ബാനറും അതിന്റെ താഴെയുള്ള ഡേവിഡ് കാച്ചപ്പിള്ളിയുടെ പേരിനോടൊപ്പമുള്ള ‘ഇന്നസെന്റ്’ എന്ന പേരും, തെന്തൂട്ടത് എന്ന ചോദ്യവുമായി ഉള്ളിൽ അങ്ങട്ട് കെടന്നു.
മഹോദരം വന്നു ഐസിയുവിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോൾ ‘ഡാ ജോസേ, നിന്റെ അപ്പനെ കെടത്താൻ പെട്ടി വേറെ പറഞ്ഞു പണീക്കണ്ടി വരുലോടാ’ എന്ന് പറഞ്ഞ പാവുണ്ണ്യേട്ടനെ പോലെയുള്ള തൃശൂർക്കാരന്റെ ജന്മസിദ്ധമായ ഒരു പ്രത്യേക ബ്രാൻഡ് സെൻസ് ഓഫ് ഹ്യുമറും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ പാടായിരുന്ന കാലത്താണ് ഇന്നസെന്റ് കേറി വന്നത്. മരണവീട്ടിലും, മറ്റുള്ളവർക്ക് അനവസരം എന്ന് തോന്നുന്ന പല സ്ഥലത്തും തമാശ കണ്ടെത്താനും ഒരു സങ്കോചവുമില്ലാതെ പൊട്ടിക്കാനുമുള്ള തൃശൂക്കാരന്റെ ചോദനകൾക്ക് കുറച്ച് വെള്ളം ചേർത്തിട്ടാണെങ്കിലും ഇന്നസെന്റ് ജീവൻ കൊടുത്തു. പിന്നീടങ്ങോട്ട് പല സംഭാഷണങ്ങളും, ബസ്സിൽ പോവുമ്പോഴും കടയിൽ നിൽക്കുമ്പോഴും കേൾക്കുമ്പോൾ, മനസ്സിൽ ഇന്നസെന്റിന്റെ രൂപം മാത്രമാണ് തെളിഞ്ഞിരുന്നത്. ഒരു പക്ഷെ ഏത് സാഹചര്യത്തിലും കൂടെയുണ്ടാവുന്ന തൃശൂർക്കാരന്റെ പഴയ ആ സെൻസ് ഓഫ് ഹ്യുമർ ആയിരിക്കും ഒരു മുൾക്കിരീടത്തിൽ കുറഞ്ഞ് ഒന്നുമല്ലാത്ത അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിൽ കുറേക്കാലമെങ്കിലും ഇരുന്ന് പ്രവർത്തിക്കാൻ സഹായിച്ചത്.
അഭിനേതാവിന്റെ കഴിവ്, കഥാപാത്രമാവുന്നതാണ് എന്നുള്ള ഒരു ധാരണ പൊതുവെ വെച്ച് പുലർത്താറുണ്ട്. എന്നാൽ എല്ലാ കഥാപാത്രങ്ങളെയും തന്നിലെ നടൻ ആക്കുക എന്നതും ഒരു കഴിവാണ്. ആ താനാക്കുന്ന പ്രക്രിയയിൽ ആസ്വാദ്യത ഒട്ടും തന്നെ കുറയാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന എന്നത് അസാധാരണമായ പ്രതിഭയാണ്. അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഇന്നലെയിൽ ശോഭനയെ ഇറക്കാൻ ജയറാം അപ്പൻ വേഷം കെട്ടിച്ചിറക്കുന്ന നാടകനടനും, ഓർക്കാപ്പുറത്തിലെ ബ്ലേഡ് കമ്പനിക്കാരൻ കുറുക്കൻ കഥാപാത്രങ്ങളുമടക്കം, നിരവധി വേഷങ്ങളിൽ ഇന്നസെന്റ് ഇന്നസെന്റ് ആയിട്ട് തന്നെ അഴിഞ്ഞാടിയിട്ടുണ്ട്. എന്നിട്ടും ആർക്കും ഒരിക്കൽ പോലും ബോറടിച്ചു എന്ന് പറഞ്ഞു കേട്ടിട്ടില്ല. അതെ സമയം പൊന്മുട്ടയിടുന്ന താറാവിലും മഴവിൽക്കാവടിയിലും ദേവാസുരത്തിലും കേളിയിലുമൊക്കെ പതിവ് വേഷങ്ങളിൽ നിന്നും മാറികൊണ്ട് നടത്തിയ രൂപപ്പകർച്ചകളും പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.
ഇന്നസെന്റിനെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും കെപിഎസി ലളിതയും വന്നെത്തുന്നത് സ്വാഭാവികമായ ഒന്നാണ്. ഇരുവരും ചേർന്നുള്ള ആ രസതന്ത്രം ഒരിക്കലും പകരം വെയ്ക്കാൻ ഒന്നില്ലാത്തതാണ്. മണിച്ചിത്രത്താഴിലെ ആ അരഞ്ഞാണ രംഗം ഒന്ന് മതി അതളക്കാൻ. ലളിത പോയി ഒട്ടും വൈകാതെ തന്നെ ഇന്നസെന്റും പോവുമ്പോൾ ഒരു കാലഘട്ടത്തിന്റെ തിരശീല ആണ് അഴിഞ്ഞു വീഴുന്നത്. സിനിമ മാറികൊണ്ടിരിക്കയാണ്, ആസ്വാദന ശീലങ്ങളും. അതിനിടയിൽ ഇന്നസെന്റും, ഒടുവിലും, ശങ്കരാടിയും ഒക്കെ പ്രതിനിധാനം ചെയ്തിരുന്ന ആസ്വാദന മൂല്യങ്ങൾ എത്രമാത്രം പ്രസക്തമാവും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. നല്ലതും ചീത്തയും എന്ന കളങ്ങൾ വരച്ചു തിട്ടപ്പെടുത്തേണ്ട കാര്യങ്ങൾ അല്ല. റേസിസത്തിന്റെയും പൊളിറ്റിക്കൽ കറക്റ്റൻസിന്റെയും അളവ് തൂക്കങ്ങളിൽ അവരുടെ സംഭാഷണങ്ങളും വേഷങ്ങളും ഒക്കെ രുചിക്കാൻ പുതിയ തലമുറകൾക്ക് കഴിഞ്ഞെന്ന് വരില്ല. പക്ഷെ ഒരു കാലഘട്ടം മുഴുവൻ ഒന്നിലേറെ തലമുറകളെ അവർക്ക് രസിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന സത്യത്തെ വിസ്മരിക്കാനും കഴിയില്ല. സിനിമയിലെ വേഷങ്ങൾക്കുമപ്പുറം ഇന്നസെന്റ് ആയിരങ്ങൾക്ക് പ്രചോദനമായിരുന്നു. ഇന്നസെന്റ് കഥകളും കാൻസർ വാർഡിലെ ചിരിയുമൊക്കെ സമൂഹത്തിന് ചെയ്ത സേവനങ്ങൾ തന്നെ തമസ്കരിക്കാൻ ആവാത്തതാണ്. എക്കാലത്തും, ലോകത്തിന്റെ ഏതെങ്കിലുമൊക്കെ കോണിൽ ഏതെങ്കിലും മലയാളികൾ, ഇന്നസെന്റിന്റെ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്നുണ്ടാവും, അവരുടെ ദുഖങ്ങളും സമ്മർദ്ദങ്ങളും വേദനകളും ഒക്കെ ക്ഷണികമായെങ്കിലും വിസ്മരിക്കും.
എക്കാലത്തെയും തൃശൂരിന്റെ ബ്രാൻഡ് അംബാസഡറിന് വിട !!
Discussion about this post