കോഴിക്കോട്: ഇന്നലെ രാത്രി ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കരെ അജ്ഞാതൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. പ്രതി നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി എന്നയാളെന്ന് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി. പ്രതിയുടെ മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാളുടെ കുടുംബാംഗങ്ങളുമായി പോലീസ് ബന്ധപ്പെടുകയാണ്. ഷെഹറൂഖ് സെയ്ഫി കേരളത്തിലെത്തിയിട്ട് അധിക ദിവസമായിട്ടില്ലെന്നാണ് കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത്.
റെയിൽവേ ട്രാക്കിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നാണ് പോലീസിന് പ്രതിയെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിൽ വ്യക്തിപരമായ പല വിവരങ്ങളും ഉണ്ടായിരുന്നതായാണ് സൂചന.
രേഖാചിത്രവുമായി സാമ്യമുള്ള ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ കേരള പോലീസും റെയിൽവേ പോലീസും പരിശോധന നടത്തുകയാണ്.
യാത്രക്കാർക്ക് മേൽ പെട്രോൾ ഒഴിച്ച് തീയിട്ട അക്രമിയുടേതെന്ന രീതിയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച ദൃശ്യങ്ങൾ കോഴിക്കോട് കാപ്പാട് സ്വദേശിയായ ഒരു വിദ്യാർത്ഥിയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി പത്തു മണിയോടെയാണ് എലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ ഒഴിച്ചശേഷം അക്രമി തീയിട്ടത്. ഡി 1 കോച്ചിലായിരുന്നു ആക്രമണം. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത്, റഹ്‌മത്തിൻറെ സഹോദരിയുടെ മകൾ രണ്ടര വയസുകാരി സുഹറ, നൗഫീഖ് എന്നിവരുടെ മൃതദേഹങ്ങൾ രാത്രി വൈകി ട്രാക്കിൽ നിന്നും കണ്ടെത്തി. അക്രമണമുണ്ടായപ്പോൾ പരിഭ്രാന്തരായി ഇവർ ചാടിയതാകാം എന്നാണു കരുതുന്നത്.
Discussion about this post