കൊച്ചി: എലത്തൂരിൽ ഓടുന്ന ട്രെയിനുള്ളിൽ തീയിട്ട സംഭവത്തിലെ ഷഹരൂഖ് സെയ്ഫിയെ കുടുക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചത് പ്രതിയുടെ മൊബൈൽ ഫോൺ. ആക്രമണത്തിന് പിന്നാലെ പ്രതി സ്വന്തം ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു. എന്നാൽ ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെ ഈ ഫോൺ ഓണാക്കി. ഉടനെ തന്നെ ഇതിലേക്ക് ചില സന്ദേശങ്ങളും എത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ രത്‌നഗിരിയിലുണ്ടെന്ന് വ്യക്തമാകുന്നത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നതറിഞ്ഞ് ഇയാൾ രക്ഷപെടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ട്രെയിനിൽ കയറി പോകാനുള്ള നീക്കത്തിനിടെയാണ് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഷഹരൂഖിനെ പിടികൂടുന്നത്.
അതേസമയം ഷഹരൂഖ് സെയ്ഫി ഷഹീൻബാഗ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ഡൽഹിയിലെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾ ഷഹരൂഖിന്റെ ചിത്രം കണ്ട് തിരിച്ചറിയുകയായിരുന്നു. ഇയാളെ കാണാനില്ലെന്ന് കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ആറ് ദിവസം മുൻപ് കാണാതായെന്നാണ് ഷഹരൂഖിന്റെ അമ്മ പറയുന്നത്.
മകൻ കേരളത്തിൽ പോയതിനെ കുറിച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്നായിരുന്നു ഷഹരൂഖിന്റെ പിതാവിന്റെ പ്രതികരണം. മകൻ കുറ്റക്കാരനാണെങ്കിൽ കടുത്ത ശിക്ഷ ലഭിക്കണം. അതിൽ തങ്ങൾക്ക് എതിർപ്പില്ല. കഴിഞ്ഞദിവസം പോലീസ് വീട്ടിലെത്തിയതോടെയാണ് സംഭവമെല്ലാം അറിയുന്നതെന്നും പിതാവ് പറയുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്നും മരപ്പണി ചെയ്ത് വരികയായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
Discussion about this post