കൊച്ചി; രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും താരം പ്രതികരിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയാണ് നടന്റെ വിശദീകരണം.
”ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന തരത്തിൽ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അതെല്ലാം വ്യാജമാണ്. പുതിയ ചിത്രമായ ‘ഗന്ധർവ ജൂനിയറി’ന്റെ തിരക്കിലാണ് ഞാൻ ഇപ്പോൾ. വലിയ ഷെഡ്യൂളാണത്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് അതിന്റെ വസ്തുതയും വിശ്വാസ്യതയും പരിശോധിക്കണമെന്ന് മാദ്ധ്യമ സ്ഥാപനങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത്തരം വാർത്തകളിൽ വീണ്ടും വീണ്ടും ആവർത്തിച്ച് വിശദീകരണം നൽകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു.രാഷ്ട്രീയവും രാഷ്ട്രീയക്കാരും നേരിട്ട് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ട് അവരോടെന്നും ബഹുമാനമാണെന്നും രാഷ്ട്രീയ പ്രവർത്തനത്തെ നിസാരമായി കാണുന്നില്ലെന്നും താരം കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം മാളികപ്പുറം സിനിമയുടെ വിജയാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉണ്ണി മുകുന്ദനോട് ഒരു ഓൺലൈൻ ചാനലിന്റെ റിപ്പോർട്ടർ ചോദിച്ച ചോദ്യവും അതിന് താരം നൽകിയ മറുപടിയുമാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് കാരണമായത്. തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥി ആകുമോയെന്ന ചോദ്യം വന്നപ്പോൾ. ചോദിക്കുന്നയാളോട് ഇനി നടന്നോണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് മാദ്ധ്യമപ്രവർത്തകനേയും കൂട്ടി തമാശയ്ക്ക് നടക്കുകയായിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് പിന്നീട് നടന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകൾ ചൂടുപിടിച്ചത്.
Discussion about this post