പശ്ചിമബംഗാൾ: ഭാരതീയ ജനതാ പാർട്ടിയെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി ഇസ്ലാം മതം സ്വീകരിപ്പിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ജില്ലയായ മാൾഡ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംസ്ഥാനം ഭരിക്കുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് മതംമാറ്റത്തിന് പിന്നിൽ.
രണ്ട് പേർക്കാണ് ബിജെപിയെ പിന്തുണച്ചത് കൊണ്ട് മാത്രം നിർബന്ധിത മതം മാറ്റമെന്ന ശിക്ഷ ലഭിച്ചത്. 2021 ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്.
മാൾഡയിലെ കാലിയാചക് ഗ്രാമത്തിലെ ഗൗരംഗ മൊണ്ഡൽ, ബുദ്ധു മൊണ്ഡൽ എന്നീ യുവാക്കൾ ബിജെപിയ്ക്കായി പ്രവർത്തനം ആരംഭിച്ചു. പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇവർ ബിജെപി പ്രവർത്തനം തുടർന്നു.
എന്നാൽ 2021 നവംബർ 24 ന് പ്രാദേശിക തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ യുവാക്കളെ തട്ടിക്കൊണ്ടുപോയി. തുടർന്ന് അവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് പറയുകയും ചെയ്തു. നിരന്തരം പീഡനത്തെ തുടർന്ന, പ്രാണഭയത്താൽ യുവാക്കൾ സമ്മതം മൂളി.
പിന്നാലെ തൃണമൂൽ പ്രവർത്തകർ മുസ്ലീം പുരോഹിതന്റെ നേതൃത്വത്തിൽ ഇവരെ മതംമാറ്റിച്ചു. കൽമ ചൊല്ലാനും നിസ്‌കരിക്കാനും ബീഫ് കഴിക്കാനും തൃണമൂലുകാർ ഭീഷണിപ്പെടുത്തി.ഗൗരംഗയെ ഗൗസൽ അസമെന്നും ബുദ്ധുവിനെ മുഹമ്മദ് ഇബ്രാഹിം ഷെയ്ഖ് എന്നും പുനർനാമകരണം ചെയ്തു.
ഭർത്താക്കന്മാരുടെ ദുരവസ്ഥയറിഞ്ഞ ഭാര്യമാർ പോീസിനെ സമീപിക്കുകയും കേസെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ആദ്യം കേസെടുക്കാൻ വിസമ്മതിച്ച പോലീസ്, പിന്നീട് പ്രതികൾക്ക് രക്ഷപ്പെടാൻ കൂടുതൽ വഴിയൊരുക്കി. പ്രാദേശിക കോടതിയിൽ മതംമാറ്റപ്പെട്ട യുവാക്കളെ ഹാജരാക്കിയെങ്കിലും ഭയം മൂലം സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്ന് അവർക്ക് പറയേണ്ടി വന്നു.
ഇതിന് പിന്നാലെ ഭാര്യമാർ കൊൽക്കത്ത ഹൈക്കോടതിയിൽ പ്രത്യേക ഹർജി സമർപ്പിച്ചു. പരാതി പരിഗണിച്ച കോടതി, സിബിഐയും എൻഐഎയും സംയുക്തമായി കേസ് അന്വേഷിക്കണമെന്ന് ഉത്തരവിട്ടു.
ഭീഷണിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കൂടാതെ/അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചും ഇസ്ലാം മതം സ്വീകരിക്കാൻ തങ്ങളുടെ ഭർത്താക്കന്മാർ നിർബന്ധിതരായെന്ന് ഹർജിക്കാർ ആരോപിച്ചു. എതിരാളികളായ രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചതിനുള്ള ശിക്ഷയുടെ ഭാഗമാണ് നിർബന്ധിത മതപരിവർത്തനം എന്നും ആരോപണമുണ്ട്. പരാതികൾ ലഭിച്ചിട്ടും കാലിയാചക് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ്ജ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നതും മാൾഡ എസ്പി നടപടിയെടുക്കാൻ ഉത്തരവിട്ടിട്ടില്ലെന്നതും ആശ്ചര്യകരമാണെന്ന് കോടതി വിമർശിച്ചു. എന്നാൽ കോടതിയിൽ സർക്കാർ യുവതികളുടെ ആരോപണം തള്ളി. ഹർജിക്കാരുടെ ഭർത്താക്കന്മാർ കുടുംബവഴക്കിനെ തുടർന്ന് യുവതികളെ ഉപേക്ഷിച്ച് മാറിത്താമസിക്കുകയാണെന്ന് കോടതിയെ അറിയിച്ചു.
ഭർത്താക്കന്മാർ സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുഹമ്മദ് ഗാലിബ് കോടതിയിൽ പറഞ്ഞു, എന്നാൽ അദ്ദേഹത്തിന്റെ വാദം ഹൈക്കോടതി തള്ളി. സിബിഐയോടും എൻഐഎയോടും കേസ് വിശദമായി അന്വേഷിക്കാൻ ആവശ്യപ്പെടുകയും സിബിഐ മുദ്രവച്ച കവറിൽ ഈ ആഴ്ച ആദ്യം ഹൈക്കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ഏറ്റെടുക്കാൻ ജസ്റ്റിസ് മന്ത ആവശ്യപ്പെട്ടത്.
പ്രതികളിൽ ചിലർക്കും അവരുടെ കൂട്ടാളികൾക്കും ബംഗ്ലാദേശിൽ വേരുകളുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതും എൻഐഎ അന്വേഷിക്കുമെന്നാണ് വിവരം.
Discussion about this post