തിരുവനന്തപുരം: ക്രിസ്ത്യൻ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിൻ്റെ മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയിൽ മതമേലദ്ധ്യക്ഷൻമാരെ അപമാനിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ആക്ഷേപിച്ചും അപകീർത്തികരമായ പ്രസ്താവന നടത്തിയും മതപുരോഹിതൻമാരെ പിന്തിരിപ്പിക്കാമെന്നത് സിപിഎമ്മിൻ്റെ വ്യാമോഹം മാത്രമാണ്. ഇടതുപക്ഷത്തിൻ്റെ ദുർഭരണത്തിനും വർഗീയ പ്രീണനത്തിനുമെതിരെ കേരളത്തിലെ ക്രൈസ്തവർ പ്രതികരിക്കുന്നതാണ് സിപിഎമ്മിനെ അസ്വസ്ഥരാക്കാൻ കാരണം.
എന്നാൽ കോൺഗ്രസ് പതിവുപോലെ ഈ കാര്യത്തിലും മൗനം പാലിക്കുന്നത് സിപിഎമ്മിനെ പിന്തുണയ്ക്കുന്നത് കൊണ്ടാണ്. മതമൗലികവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസ് പീപ്പിൾസ് ഡെമോക്രസിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനത്തെ പിന്തുണയ്ക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇടതുപക്ഷത്തിൻ്റെ ഭരണത്തിൽ എല്ലാ കാലത്തും ക്രൈസ്തവ വേട്ട നടന്നിട്ടുണ്ട്. തൊടുപുഴ ജോസഫ് മാഷുടെ കൈ വെട്ടാനുള്ള സാഹചര്യമുണ്ടാക്കി കൊടുത്തത് അന്നത്തെ എൽഡിഎഫ് സർക്കാരായിരുന്നു. ജോസഫ് മാഷിനെ കയ്യാമം വെപ്പിച്ച് നടത്തിക്കുമെന്ന് എം എ ബേബി പരസ്യമായി പ്രഖ്യാപിച്ചത് മതഭീകരവാദികളുടെ കയ്യടി വാങ്ങാനായിരുന്നു.
മാഷിൻ്റെ കൈ വെട്ടാനുള്ള ധൈര്യം തീവ്രവാദികൾക്ക് ലഭിച്ചത് സിപിഎമ്മിൻ്റെ ഭരണത്തിൻ്റെ തണലിലാണ്. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ബിഷപ്പ് ഹൗസിലേക്ക് ഇരച്ചു കയറിയ പോപ്പുലർ ഫ്രണ്ടുകാർക്കൊപ്പമായിരുന്നു സിപിഎം. ബിഷപ്പിനെതിരെ സർക്കാർ കേസെടുത്തത് പോപ്പുലർ ഫ്രണ്ടിനെ സന്തോഷിപ്പിക്കാനായിരുന്നെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
സിപിഎമ്മിൻ്റെ നിലപാട് അംഗീകരിക്കാത്ത മതമേലദ്ധ്യക്ഷൻമാരെ എല്ലാം അപമാനിക്കണം എന്നാണ് അവരുടെ നിലപാട്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയും ക്യൂബയുമല്ല ഇന്ത്യയെന്ന് സിപിഎം മനസിലാക്കണം. കേരളത്തിൽ ക്രൈസ്തവ പുരോഹിതരുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാമെന്ന് ആരും കരുതേണ്ട. സിപിഎമ്മിൻ്റെ ഫാസിസം ക്രൈസ്തവ വിശ്വാസികൾ അംഗീകരിച്ചു തരില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post