തിരുവനന്തപുരം: ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തേയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് എക്‌സ്പ്രസ് ആണ് കേരളത്തിന് അടുത്ത ദിവസം ലഭിക്കാൻ പോകുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ഇതിന്റെ സർവീസ്. കേരളത്തിനുള്ള വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. പാലക്കാട് വഴിയാണ് ഇത് കേരളത്തിൽ എത്തിക്കുന്നത്. ഇന്ന് രാത്രിയോടെ ട്രെയിൻ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. എട്ട് കോച്ചുകൾ എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളാണ് വന്ദേഭാരതിന്റെ സ്റ്റോപ്പായി തിരഞ്ഞെടുത്തിരിക്കുന്നത്. 22ാം തിയതി വന്ദേഭാരത് പരീക്ഷണ ഓട്ടം നടത്തുമെന്നാണ് വിവരം. ഏഴ് മുതൽ ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ ദൂരം പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകളാണ് ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് കൈമാറിയിരിക്കുന്നത്.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തദ്ദേശീയമായി നിർമ്മിച്ച ട്രെയിൻ സെറ്റുകളാണ് ഇവ. ട്രാക്കുകളുടെ ശേഷി അനുസരിച്ച് 180 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും. 52 സെക്കന്റുകൾ കൊണ്ടാണ് വന്ദേഭാരത് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്. പൂർണമായും എസി കോച്ചുകളാണ്. മുന്നിലും പിന്നിലും ഡ്രൈവർ ക്യാബിനുകൾ ഉള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല.
ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, എൽഇഡി ലൈറ്റിംഗ്ബയോ വാക്വം ശുചിമുറികൾ എന്നിവയാണ് മറ്റ് പ്രത്യേകതകൾ. വന്ദേഭാരതിന്റെ എക്‌സിക്യൂട്ടീവ് ക്ലാസിൽ റിവോൾവിംഗ് ചെയറുകൾ ഉൾപ്പെടെയുള്ള മികച്ച സീറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Discussion about this post