ആലപ്പുഴ: വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എം.വി ഗോപകുമാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതോടെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ യാത്രാ പ്രശ്‌നങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചതിൽ കേന്ദ്രത്തോട് നന്ദിയുണ്ടെന്ന് നിവേദനത്തിൽ പറയുന്നു. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ ഗുണഫലം എല്ലാ ജനങ്ങൾക്കും ലഭ്യമാകണം എന്നാണ് ആഗ്രഹിക്കുന്നത്. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ചെങ്ങന്നൂർ. ശബരിമല തീർത്ഥാടനകാലത്ത് ലക്ഷക്കണക്കിന് ഭക്തരാണ് തീവണ്ടിയിൽ ഇവിടെ ഇറങ്ങാറുള്ളത്. മാത്രമല്ല ആലപ്പുഴ- പത്തനംതിട്ട ജില്ലകളിലെ യാത്രികർക്ക് ചെങ്ങന്നൂർ സ്റ്റേഷൻ വലിയ സഹായമാണ്. അതുകൊണ്ടുതന്നെ വന്ദേഭാരത് എക്‌സ്പ്രസിന് ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്നത് യാത്രാ ദുരിതത്തിന് വലിയൊരു അളവുവരെ പരിഹാരമാകും. അതിനാൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമേ ഇക്കാര്യം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, റെയിൽവേ അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ചെങ്ങന്നൂരിൽ വന്ദേഭാരത് എക്‌സ്പ്രസിന് സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപിയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ട്.
Discussion about this post