തിരുവനന്തപുരം: കോവളം മുക്കോലയിൽ ബൈക്കിടിച്ച് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ബൈക്ക് റേസിംഗിനിടെയാണ് വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 21 കാരനായ ചിറ്റാറ്റുമുക്ക് സ്വദേശി മുഹമ്മദ് ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 30 നായിരുന്നു ആഷിഖ് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് പെരുമരം സ്വദേശികളായ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ജുവിന്റെയും മകനായ യുവാൻ മരിച്ചത്. ഭക്ഷണവും കളിപ്പാട്ടവും വാങ്ങി മാതാവിനൊപ്പം തിരികെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കുട്ടിയെ ആഷിഖ് ഓടിച്ചിരുന്ന ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നാൽ ആഷിഖ് ബൈക്ക് നിർത്താതെ പോകുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ക്യാമറകളും ബൈക്ക് ഷോറൂമുകളും സർവ്വീസ് സെന്ററുകളും കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലാണ് പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞത്. അന്വേഷണത്തിൽ അപകടത്തിൽപ്പെട്ട ബൈക്ക് കരമനയിലെ വർക്ക് ഷോപ്പിൽ പണിയ്ക്ക് കൊണ്ടുവന്നതായി വ്യക്തമായി. തുടർന്ന് ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
പിന്നീട് ആഷിഖിനെ ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ ആഷിഖ് കുറ്റം സമ്മതിക്കുകയായിരുന്നു. ഭയം കാരണമാണ് പോലീസിൽ കീഴടങ്ങാതിരുന്നതെന്ന് ആഷിഖ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തു.
Discussion about this post