തിരുവനന്തപുരം: ഫഹദ് ഫാസിൽ നായകനായ പാച്ചുവും അത്ഭുത വിളക്കുമെന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസിൽ ഹാസ്യകഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഏറെ പ്രതീക്ഷയേകുന്ന ട്രെയിലർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ഫഹദിൻറെ സിനിമകളുടെ സ്വഭാവം അദ്ദേഹത്തിന്റെ കഥാപാത്രത്തിൻറെ കണ്ണുകളിൽ നിന്നും ചലനങ്ങളിൽ നിന്നും വായിച്ചെടുക്കാമെന്ന് പൊതുവെ പറയാറുള്ളത്. ഇക്കാര്യം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് പാച്ചുവും അത്ഭുത വിളക്കും സിനിമയുടെ ട്രെയിലർ. മുംബൈയിൽ ജനിച്ചുവളർന്ന ഒരു മലയാളി യുവാവിൻറെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് സിനിമയിൽ.
സത്യൻ അന്തിക്കാടിൻറെ മകൻ അഖിൽ സത്യൻ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്ന സിനിമയാണ് പാച്ചുവും അത്ഭുത വിളക്കും. ഏത് വേഷവും അനായാസമായി ചെയ്ത് ഫലിപ്പിക്കാറുള്ള ഫഹദ് നാളുകൾക്ക് ശേഷം ഒരു ഫീൽഗുഡ്, ടോട്ടൽ എൻറർടെയ്‌നർ സിനിമയുമായി എത്തുകയാണ് പാച്ചുവും അത്ഭുത വിളക്കിലൂടെ. അടുത്തിടെ ജോജിയായി പ്രേക്ഷകരെ വട്ടം കറക്കിയ അലിക്കയായി ക്ലാസും മാസും നിറച്ച ഭൻവർ സിംഗായി ഞെട്ടിച്ച അമറായി വിസ്മയിപ്പിച്ച അനിക്കുട്ടനായി പകർന്നാടിയ ഫഹദേയല്ല പാച്ചുവും അത്ഭുത വിളക്കിലുമുള്ളതെന്ന് ട്രെയിലർ കാണുമ്പോൾ നമുക്ക് തോന്നാം.
കുസൃതിയൊളിപ്പിച്ച കണ്ണുകളും രസകരമായ ശരീരഭാഷയും ചിരിപ്പിക്കുന്ന സംഭാഷണങ്ങളുമൊക്കെയായാണ് ഫഹദ് നിറഞ്ഞുനിൽക്കുന്നത്. സിനിമയുടെ മൊത്തത്തിലുള്ള സ്വഭാവം തന്നെ ഫഹദിൽ നിന്ന് വായിച്ചെടുക്കാനാവുമെന്നാണ് സോഷ്യൽമിഡിയയിലെ ചർച്ചകൾ.
അയ്മനം സിദ്ധാർത്ഥനും പ്രകാശനും പ്രസാദിനും കാർബണിലെ സിബിക്കുമൊക്കെ ശേഷം നർമ്മം നിറഞ്ഞ ഒരു കഥാപാത്രമായി ഫഫയെത്തുന്ന സിനിമ കൂടിയാണ് പാച്ചുവും അത്ഭുത വിളക്കും. ഫഹദിനെ കൂടാതെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെൻറ്, വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. മലയാളത്തിലെ സീനിയേഴ്‌സായ ഇന്നസെൻറിനും മുകേഷിനും ഇന്ദ്രൻസിനും നന്ദുവിനുമൊക്കെയൊപ്പമുള്ള ഫഹദിന്റെ കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ആവോളമുണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന പ്രതീക്ഷ.
സത്യൻ അന്തിക്കാടിൻറെ സിനിമകളുടെ സംവിധാന വിഭാഗത്തിൽ അഖിൽ സത്യൻ മുമ്പ് സഹകരിച്ചിട്ടുണ്ട്. ഞാൻ പ്രകാശൻ, ജോമോൻറെ സുവിശേഷങ്ങൾ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയി പവ്രർത്തിച്ചിട്ടുണ്ട്. ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യുമെൻററി ഷോർട്ട് ഫിലിമും അഖിൽ സംവിധാനം ചെയ്തിട്ടുണ്ട്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർകാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം. പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, വസ്ത്രാലങ്കാരം: ഉത്തര മേനോൻ, അസോസിയേറ്റ് ഡറക്ടർ: ആരോൺ മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, ആർട്ട് ഡറക്ടർ: അജിത് കുറ്റിയാനി, സൗണ്ട് ഡിസൈനർ: അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട്: ശ്യാം കൗശൽ, സൗണ്ട് മിക്‌സ്: സിനോയ് ജോസഫ്, മേയ്ക്കപ്പ്: പാണ്ഡ്യൻ, സ്റ്റിൽസ്: മോമി, ഗാനരചന: മനു മഞ്ജിത്ത്, മാർക്കറ്റിംഗ്: സ്‌നേക്ക്പ്ലാന്റ്
Discussion about this post