തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ നാളെ മുതൽ സംസ്ഥാനത്ത് 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ പ്രവർത്തനമാരംഭിക്കും. ട്രാഫിക് നിയമലംഘനങ്ങൾക്ക് പ്രതിദിനം 30,000 പിഴ നോട്ടീസുകൾ അയച്ച് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുക്കാനാണ് നീക്കം.
അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ക്യാമറയിൽ കുടുങ്ങിയാലും പിഴ ചുമത്തില്ല. പ്രമുഖരെ പിഴയിൽ നിന്നും ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. വേഗനിയന്ത്രണത്തിന് പുല്ലുവില കൽപ്പിച്ചുകൊണ്ടുള്ള പ്രമുഖരുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ എഐ ക്യാമറകൾക്കും കഴിയില്ല എന്ന് സാരം. എന്നാൽ സാധാരണക്കാരിൽ നിന്നും പരമാവധി പിഴ ഈടക്കാനാണ് നിർദേശം.
ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ സംസ്ഥാനത്ത് സ്ഥാപിക്കുന്ന 726 എഐ ക്യാമറകളിൽ 625 എണ്ണം ഹെൽമറ്റ്, സീറ്റ്ബെൽറ്റ് എന്നിവ ധരിക്കാത്തത്, ബൈക്കുകളിൽ മൂന്നുപേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്താൻ മാത്രമുള്ളതാണ്. രാത്രി യാത്രയിൽ പോലും കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് പോകുന്നതെങ്കിൽ ക്യാമറയിൽ പതിയും.
വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ കൃത്യമായി വ്യക്തമാകുന്ന തരത്തിലായിരിക്കും ക്യാമറകൾ ഫോട്ടോ എടുക്കുക. ഒരു ക്യാമറ രേഖപ്പെടുത്തിയ കുറ്റം തുടർ യാത്രയിൽ അടുത്ത ക്യാമറയിലും പതിഞ്ഞാൽ വീണ്ടും പിഴയൊടുക്കേണ്ടി വരുമെന്നതും പ്രത്യേകതയാണ്.
Discussion about this post