തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി ചത്തു. കരടിയെ കിണറിൽ നിന്ന് പുറത്തെത്തിക്കാൻ വേണ്ടി മയക്കുവെടി വച്ചിരുന്നു. മയക്കുവെടിയേറ്റതിന് പിന്നാലെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. അതുവരെ കിണറിന്റെ വശങ്ങളിൽ പിടിച്ചാണ് കരടി കിടന്നിരുന്നത്. കോഴിയെ പിടിക്കുന്നതിനിടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് കരടി കിണറ്റിൽ വീണത്.
മയക്കുവെടി കൊണ്ട് 15 മിനിട്ട് സമയം എടുത്ത് മാത്രമേ കരടി പൂർണമായും മയങ്ങുകയുള്ളു എന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ മയക്കുവെടിയേറ്റ് മിനിട്ടുകൾക്കുള്ളിൽ തന്നെ കരടി പൂർണമായും വെള്ളത്തിലേക്ക് മുങ്ങിപ്പോവുകയായിരുന്നു. ഉടൻ റാപ്പിഡ് റെസ്‌പോൺസ് ടീം കിണറ്റിലിറങ്ങി കരടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ഇവർ തിരിച്ച് കയറി. ഒരുമണിക്കൂറിലധികം സമയമാണ് കരടി വെള്ളത്തിൽ മുങ്ങിക്കിടന്നത്.
തുടർന്ന് കിണറിലെ വെള്ളം വറ്റിച്ചാണ് കരടിയുടെ ജഡം പുറത്തെടുത്ത്. ഏറെ സങ്കടകരമായ അവസ്ഥയാണ് ഇപ്പോൾ ഉണ്ടായതെന്ന് കരടിയെ മയക്കുവെടി വച്ച ഡോ.ജേക്കബ് അലക്‌സാണ്ടർ പറഞ്ഞു. മയക്കുവെടി കൃത്യമായിരുന്നു. രക്ഷിക്കാൻ ഇട്ടുകൊടുത്ത വലയുടെ ഒരറ്റത്ത് മുറുക്കം കുറവായതാണ് പ്രശ്‌നമായതെന്നും ഡോക്ടർ ചൂണ്ടിക്കാണിച്ചു.
ഇന്നലെ രാത്രി കരടി കിണറിൽ വീണ് കിടക്കുന്നത് കണ്ടയുടനെ തന്നെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. തൊട്ടടുത്തുളള കാട്ടിൽ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം. അരുണിന്റെ അയൽവീട്ടിലുള്ള രണ്ട് കോഴികളെ കരടി പിടികൂടിയിരുന്നു. കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. ബഹളം കേട്ടാണ് നാട്ടുകാർ കാര്യം ശ്രദ്ധിക്കുന്നത്. ആളുകൾ ബഹളം വച്ചതോടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ കരടി കിണറ്റിൽ വീഴുകയായിരുന്നു.
Discussion about this post