എറണാകുളം: പെരുമ്പാവൂരിൽ വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞ വിവിധ ഭാഷാ തൊഴിലാളിയുടെ കുട്ടിയെ വീട്ടുടമ മർദ്ദിച്ചതായി പരാതി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ 14 കാരനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കണ്ടംതറ സ്വദേശി റഹീമിനെതിരെ പോലീസ് കേസ് എടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബംഗാളി കോളനിയിൽ അമ്മയ്‌ക്കൊപ്പമാണ് കുട്ടിയുടെ താമസം. കഴിഞ്ഞ ദിവസം ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ വാഹനത്തിലെത്തിയ റഹീമും സുഹൃത്തുക്കളും ചേർന്ന് കാറിൽ കയറ്റികൊണ്ടു പോകുകയായിരുന്നു. തുടർന്ന് ആളില്ലാത്ത സ്ഥലത്ത് വാഹനം നിർത്തിയ ശേഷം കുട്ടിയെ മർദ്ദിച്ചു.
ഭയന്ന് ഓടിയ കുട്ടി സമീപത്തെ പലചരക്ക് കടയിലേക്ക് ഓടിക്കയറി. പേടിച്ചരണ്ട കുട്ടിയോട് നാട്ടുകാർ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് മർദ്ദന വിവരം വ്യക്തമായത്. ഇതോടെ പ്രോഗ്രസീവ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ചെയർപേഴ്‌സൺ വിവരം പോലീസിനെയും സിഡബ്ല്യുസിയെയും അറിയിക്കുകയായിരുന്നു. കുട്ടി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ കയ്യിലും വയറിലും കഴുത്തിലുമാണ് പരിക്കേറ്റിട്ടുള്ളത്. ഇത് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.
17 ന് രാവിലെ 14കാരനും സുഹൃത്തുക്കളും ചേർന്ന് റഹീമിന്റെ വീട്ടുവളപ്പിലെ മാവിൽ കല്ലെറിഞ്ഞിരുന്നു. ഇതിൽ ഒന്ന് റഹീമിന്റെ തലയിൽ തട്ടി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് ഇയാൾ കുട്ടിയെ മർദ്ദിച്ചത്.
Discussion about this post