തിരുവനന്തപുരം: കേരള സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുണ്ടായ സുരക്ഷാ ഭീഷണിയ്ക്ക് പിന്നിൽ പോലീസാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്റലിജൻസ് തയ്യാറാക്കിയ സ്‌കീം പോലീസിന് മാത്രമാണ് നൽകിയിരുന്നത്. ഇതിന്റെ പേരിൽ പ്രധാനമന്ത്രിയുടെ ഒരു പരിപാടിയും നടക്കാതിരിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
പ്രധാനമന്ത്രിയ്ക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഒരാഴ്ച മുൻപാണ് ലഭിച്ചത്. ഇത് ഉടൻ തന്നെ പോലീസിന് കൈമാറുകയും ചെയ്തു. ഈ കത്തിൽ അയച്ച ആളുടെ പേരും നമ്പറും ഉണ്ടായിരുന്നു. ഇതിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയോ എന്നും സുരേന്ദ്രൻ ചോദിച്ചു.
ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള നിലപാട് പോലീസ് വ്യക്തമാക്കണം. ഇടത് പക്ഷത്തിന്റെ രണ്ട് ഘടക കക്ഷികളെക്കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. മതഭീകര സംഘടനകളായ ഇവരെ പോലീസ് സംരക്ഷിക്കുകയാണ്.
അടുത്ത ദിവസം പ്രധാനമന്ത്രി കേരളത്തിൽ എത്താനിരിക്കെയാണ് സുരക്ഷാ ഭീഷണി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പോലീസ് ബുദ്ധിയാണോ അതോ മറ്റ് ആരുടേയെങ്കിലും ബുദ്ധിയാണോ ഇതിന് പിന്നിൽ എന്നകാര്യം വ്യക്തമാകാനുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സുരക്ഷാ ഭീഷണിയുടെ പേരിൽ പ്രധാനമന്ത്രിയുടെ പരിപാടികൾക്ക് മാറ്റമുണ്ടാകില്ല. റോഡ് ഷോ ഉൾപ്പെടെ നടത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post