ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളികൾക്ക് പുല്ലുവില കൽപ്പിച്ച് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ ഗ്രാമങ്ങളിൽ 254 4ജി ടവറുകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണോ ഉദ്ഘാടനം ചെയ്തത്. ചൈനയിൽ നിന്നുള്ള ടെലിഫോൺ സിഗ്നലുകൾ പ്രദേശത്ത് ലഭ്യമാക്കാനുള്ള ചൈനീസ് ശ്രമത്തിന് ഇതോടെ തിരിച്ചടിയേറ്റു.
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചലിലെ 336 ഗ്രാമങ്ങളിലെ ജനങ്ങൾ ഫോണിൽ സംസാരിക്കുന്നത്. മേഖലയിലെ 70,000 പേർക്കാണ് ഈ സേവനത്തിന്റെ പ്രയോജനം ഉണ്ടാകാൻ പോകുന്നത്.
അരുണാചൽ പ്രദേശിലെ 3,721 ഗ്രാമങ്ങളിൽ മൊബൈൽ ഫോൺ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 2,605 കോടി രൂപയാണ് കേന്ദ്ര സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. സിയാംഗിലും അപ്പർ സിയാംഗിലും ഉൾപ്പെടെ ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിലാണ് ആദ്യ ഘട്ടം മൊബൈൽ സേവനങ്ങൾ ലഭ്യമാകുകയെന്ന് ബി എസ് എൻ എൽ അറിയിച്ചു.
മുൻകാല സർക്കാരുകളുടെ അവഗണനയുടെ കഥകളാണ് അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് പറയാനുള്ളതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ഇപ്പോൾ സംസ്ഥാനത്തെ ജനങ്ങൾക്ക് കുടിവെള്ളവും വൈദ്യുതിയും റോഡുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്ര സർക്കാർ പ്രദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയുമായി 1,080 കിലോമീറ്ററും മ്യാന്മറുമായി 520 കിലോമീറ്ററും ഭൂട്ടാനുമായി 217 കിലോമീറ്ററും അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ ഇന്ത്യൻ സംസ്ഥാനമാണ് അരുണാചൽ പ്രദേശ്.
Discussion about this post