കൊച്ചി: യുവതാരങ്ങളായി ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും എതിരെ സിനിമാ സംഘടനകൾ ഉയർത്തിയത് ഗുരുതര ആരോപണങ്ങൾ. കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകൾക്ക് വേണ്ടി കരാർ ഒപ്പിടുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും നിർമാതാക്കൾ കുറ്റപ്പെടുത്തി. ശ്രീനാഥ് ഒരു സെറ്റിലും സമയത്തിന് എത്താറില്ലെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു. ഷെയ്ൻ നിഗത്തിന് സിനിമയിൽ പ്രാധാന്യം കുറഞ്ഞെന്ന് സംശയം തോന്നിയാൽ അഭിനയം പകുതിയ്ക്ക് വച്ച് നിർത്താറുണ്ടെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. നിർമ്മാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇരുവരുമായും ഇനി സഹകരിക്കില്ലെന്ന് തീരുമാനിച്ചതെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി.
നിർമാതാവ് സോഫിയ പോളിന്റെ ആർഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്‌നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തെ വിലക്കിയത്. ഷെയ്ൻ നി?ഗം നായകനാകുന്ന കുർബാനി ചിത്രത്തിന്റെ ഡബ്ബിങും പൂർത്തിയാക്കിയിട്ടില്ല.
ഷെയ്ൻ നിഗത്തിന്റെയും ശ്രീനാഥ് ഭാസിയുടെയും പേരിൽ നിരവധി പരാതികളുണ്ട്. അതിനാലാണ് പേര് വെളിപ്പെടുത്തിയത്. പരാതി രേഖാമൂലം ഇല്ലാത്ത വേറെയും പേരുണ്ട്. പരാതി ലഭിക്കുന്നു മുറയ്ക്ക് അവരുടെയും പേരുകൾ വെളിപ്പെടുത്തുമെന്ന് സംഘടനകൾ വ്യക്തമാക്കും.
പരസ്യമായി ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പേര് വെളിപ്പെടുത്താനാവില്ല. പേര് വിവരങ്ങൾ സർക്കാരിന് കൈമാറാനാണ് തീരുമാനം. തുടർ നടപടികൾ സർക്കാർ തീരുമാനിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കി.നഷ്ടപരിഹാരം ബുദ്ധിമുട്ടുണ്ടാക്കുന്ന താരങ്ങളിൽ നിന്ന് ഈടാക്കുമെന്നും ഫെഫ്ക വ്യക്തമാക്കി . നിർമാതാക്കളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ മുൻപും ശ്രീനാഥും ഷെയ്‌നും വിലക്ക് നേരിട്ടിടുണ്ട്. ഉല്ലാസം , വെയിൽ എന്നീ ചിത്രങ്ങളുടെ സെറ്റിൽ പ്രശ്‌നമുണ്ടാക്കിയതിനും സമയത്ത് ചിത്രീകരണം പൂർത്തിയാക്കാത്തതിനും, സംവിധായകന്റെയോ നിർമാതാവിന്റെയോ അനുവാദമില്ലാതെ ചിത്രത്തിനായി സെറ്റ് ചെയ്തിരുന്ന മുടി മുറിച്ചതിനുമായിരുന്നു ഷെയ്ൻ നേരത്തെ വിലക്ക് നേരിട്ടത്.
ഓൺലൈൻ ചാനൽ അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു ശ്രീനാഥ് ഭാസിക്ക് നടപടി നേരിടേണ്ടി വന്നത്. അവതാരകയുടെ പരാതിയിൽ മരട് പോലീസ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് അവതാരകയോട് മാപ്പ് പറഞ്ഞ് പ്രശ്‌നം പരിഹരിച്ചതിനെ തുടർന്നാണ് അന്ന് വിലക്ക് പിൻവലിച്ചത്
Discussion about this post