തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയക്ക് ആദരാഞ്ജലികൾ നേർന്ന് സൂപ്പർ താരം മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ എന്ന് മോഹൻലാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചു.
മോഹൻലാലിന്റെ കുറിപ്പ്: നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ. മലബാർ ശൈലിയെ തനിമ ചോരാതെ തികച്ചും സ്വാഭാവികമായി ഈ അതുല്യപ്രതിഭ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമ മുതൽ അടുത്തിടെ പ്രിയദർശൻ സംവിധാനം ചെയ്ത ഓളവും തീരവും വരെ എത്രയെത്ര ചിത്രങ്ങളിലാണ് ഒന്നിച്ചഭിനയിക്കാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ നിഷ്കളങ്കമായ ചിരി ഒരിക്കലും മായാതെ എന്നെന്നും മനസിൽ നിറഞ്ഞുനിൽക്കും. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ ആദരാഞ്ജലികൾ…
മോഹൻലാലിന് പുറമേ മമ്മൂട്ടി, സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ഹരീഷ് പേരടി തുടങ്ങി മലയാള സിനിമയിലെ നിരവധി പ്രമുഖർ മാമുക്കോയക്ക് ആദരാഞ്ജലികൾ നേർന്ന് കുറിപ്പുകൾ പങ്കുവെച്ചു. ‘പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികൾ..മറക്കില്ല മലയാളികൾ…ഒരിക്കലും’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്. ‘ഇങ്ങളും പോയോ ഇക്കാ..’, എന്നായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്.
Discussion about this post