കൊച്ചി : സിനിമാ സെറ്റുകളിലെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതികൾ ലഭിച്ചതിനെ തുടർന്ന് വിലക്കേർപ്പെടുത്തിയതിനെതിരെ താരസംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയ്ൻ നിഗം. തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്ൻ നിഗം പറഞ്ഞത്. എഡിറ്റിംഗ് കാണണമെന്ന് പറഞ്ഞിട്ടില്ലെന്നും ഷെയ്ൻ വ്യക്തമാക്കി.
സിനിമയ്ക്ക് വേണ്ടി താൻ നൽകിയ സമയം നീണ്ടുപോയിരുന്നു. അങ്ങനെ ആർ.ഡി.എക്സിന് ശേഷം താൻ അഭിനയിക്കേണ്ടിയിരുന്ന മറ്റൊരു ചിത്രം നീണ്ടുപോയി. അതിനാൽ മുൻകൂറായി വാങ്ങിയ പണം തിരികെ നൽകേണ്ടിവന്നു. നിർമാതാവിന്റെ ഭർത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി. അതേ തുടർന്നാണ് അമ്മ ക്ഷോഭിച്ചത് എന്നും ഷെയ്ൻ പറഞ്ഞു.
സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് പറഞ്ഞിട്ടില്ല. സിനിമയിൽ മൂന്ന് പ്രധാന കഥാപാത്രങ്ങളാണ് ഉള്ളത്. അതിൽ ഒരാളാകാൻ താത്പര്യമില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ താൻ അവതരിപ്പിക്കുന്ന റോബർട്ട് എന്ന കഥാപാത്രമാണ് നായകൻ എന്നാണ് സംവിധായകൻ പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിന് ശേഷം അതിൽ സംശയം തോന്നി. തുടർന്ന് സംവിധായകനോട് അതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹമാണ് എഡിറ്റിംഗ് കാണാമെന്ന് പറഞ്ഞത് എന്നും ഷെയ്ൻ നിഗം വ്യക്തമാക്കി.
അതേ സമയം ആർ.ഡി.എക്‌സ് സിനിമയുടെ നിർമാതാവ് സോഫിയ പോളിന് ഷെയ്ൻ അയച്ച വിവാദ കത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നു. സിനിമയിൽ തന്റെ കഥാപാത്രത്തിന് കൂടുതൽ പ്രധാന്യം നൽകണമെന്നാണ് ഷെയ്ൻ പറഞ്ഞത്. ചിത്രത്തിൽ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post