ലണ്ടൻ: ബിബിസി ചെയർമാൻ റിച്ചാർഡ് ഷാർപ്പ് രാജിവെച്ചു. സ്ഥാനലബ്ദ്ധിക്ക് മുന്നോടിയായി സാമ്പത്തിക ക്രമക്കേടും അനധികൃത സാമ്പത്തിക സ്വാധീനവും നടത്തി എന്ന് തെളിഞ്ഞതിനെ തുടർന്നാണ് രാജി. 2021ൽ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോൺസണ് വൻ തുക ലോൺ സംഘടിപ്പിച്ച് നൽകിയതിൽ ഷാർപ്പിന്റെ പങ്ക് തെളിഞ്ഞതിനെ തുടർന്നാണ് രാജി.
ജോൺസണ് ലോൺ സംഘടിപ്പിച്ച് നൽകിയതിന് ശേഷമാണ് ഷാർപ്പ് സർക്കാർ ശുപാർശയിൽ യുകെയുടെ ദേശീയ മാദ്ധ്യമമായ ബിബിസിയുടെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടത്. ധനിക കനേഡിയൻ വ്യവസായി സാം ബ്ലിത്തിൽ നിന്നുമാണ് ഷാർപ്പ് ജോൺസണ് ലോൺ സംഘടിപ്പിച്ച് നൽകിയത്. അക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായിരുന്നു ബോറിസ് ജോൺസൺ.
ചട്ടലംഘനം സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്നാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് റിച്ചാർഡ് ഷാർപ്പ് രാജിക്കത്തിൽ വ്യക്തമാക്കുന്നുണ്ട്. ജൂൺ അവസാനം വരെ താത്കാലിക ചെയർമാൻ സ്ഥാനത്ത് തുടരുമെന്നും ഷാർപ്പ് അറിയിക്കുന്നു.
ബിബിസിയുടെ വിശ്വാസ്യതയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് ഷാർപ്പിന്റെ രാജി വിലയിരുത്തപ്പെടുന്നത്. വാർത്തകളിലെ ഇടതുപക്ഷ ചായ്വിന്റെ പേരിൽ സമീപകാലത്ത് കടുത്ത വിമർശനമാണ് ആഗോള തലത്തിൽ ബിബിസി നേരിടുന്നത്.
Discussion about this post