കോട്ടയം: സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനായി ഊർജ്ജിത തിരച്ചിൽ. സംഭവ ശേഷം പ്രതി അരുൺ വിദ്യാധരൻ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ കേരള പോലീസിന്റെ തിരച്ചിൽ പുരോഗമിക്കുകയാണ്.
അരുണിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരുണ്ടെന്ന് ആയിരുന്നു അവസാനമായി ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തിയത്. നിലവിൽ കോട്ടയം പോലീസിന്റെ രണ്ട് സംഘങ്ങളാണ് തമിഴ്‌നാട്ടിൽ അരുണിനായി തിരച്ചിൽ തുടരുന്നത്. കേരളത്തിലുള്ള അരുണിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നൊന്നും ഇയാളെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെയാണ് ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
നിലവിൽ അരുണിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് മാത്രമാണ് കേസ് എടുത്തിട്ടുള്ളത്. ഇതിന് പുറമേ കൂടുതൽ വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസ് എടുക്കാനാണ് പോലീസിന്റെ തീരുമാനം.
തിങ്കളാഴ്ചയായിരുന്നു കോതനല്ലൂർ സ്വദേശിനി ആതിര ആത്മഹത്യ ചെയ്തത്. അരുണും ആതിരയും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ അരുണിന്റെ സ്വഭാവ ദൂഷ്യത്തെ തുടർന്ന് ആതിര ബന്ധത്തിൽ നിന്നും പിന്മാറുകയും വേറെ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആതിരയെ അരുൺ അപമാനിക്കാൻ ആരംഭിച്ചത്.
Discussion about this post