തിരുവനന്തപുരം : ദ കേരള സ്റ്റോറി സംവിധായകനും നിർമ്മാതാവിനുമെതിരെ കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വികെ സനോജ് ഡിജിപിക്ക് പരാതി നൽകി. കേരളത്തിൽ ഇല്ലാത്ത സാഹചര്യത്തെ വ്യാജമായി നിർമ്മിച്ച് കേരളത്തിന്റെ കഥയാണ് എന്ന് തലക്കെട്ട് പ്രദർശിപ്പിക്കുന്നത് ഗൂഢ ലക്ഷ്യത്തോടെയാണെന്ന് സനോജ് ആരോപിക്കുന്നു.
കേരളത്തിന് പുറത്തുള്ളവരിൽ കേരളീയരോട് സ്പർദ്ധയും വെറുപ്പും ഉണ്ടാവാൻ ഇത് കാരണമാവും. ഈ വ്യാജ നിർമ്മിതിയെ ന്യായീകരിക്കാൻ ചിലർ സംഘടിതമായി മുന്നോട്ടു വരുന്നത് കേരളത്തിന്റെ മതനിരപേക്ഷ സാഹചര്യത്തെ ബാധിക്കും. ഇത് തടയേണ്ടതുണ്ടെന്നും സനോജ് പരാതിയിൽ പറയുന്നു.
മുസ്ലിം സമുദായത്തിൽ പെട്ടവർ മറ്റു സമുദായത്തിൽപ്പെട്ട സ്ത്രീകളെ പ്രണയത്തിലൂടെ ആകർഷിച്ച് മതപരിവർത്തനത്തിന് പ്രേരിപ്പിച്ച് തീവ്രവാദ സംഘടനയിലേക്ക് തിരഞ്ഞെടുത്ത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായാണ് ട്രെയിലറിലൂടെ പ്രചരിപ്പിക്കുന്നത്. സിനിമയുടെ ട്രെയിലർ IPC Sec 153 A,295 A പ്രകാരം ക്രിമിനൽ കുറ്റകൃത്യമാണ്.
വിദ്വേഷ പ്രചരണം സംബന്ധിച്ച സുപ്രീം കോടതി രേഖപ്പെടുത്തിയ ആശങ്ക കൂടി ഡിജിപിയുടെ ശ്രദ്ധയിൽ പെടുത്തുകയാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post