പാലക്കാട്: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂർ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിയുമായി തെളിവെടുപ്പ് നടത്തി എൻഐഎ. ഷൊർണൂരിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ആക്രമണം നടത്താൻ പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്നാണ് ഷാരൂഖിന്റെ മൊഴി.
എൻഐഎ കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് തെളിവെടുപ്പ് നടത്തുന്നത്. പെട്രോൾ പമ്പിലും റെയിൽവേ സ്റ്റേഷൻ പരിസരത്തുമായിരുന്നു തെളിവെടുപ്പ് നടത്തിയത്. എൻഐഎയുടെ അന്വേഷണത്തോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളിൽ എലത്തൂരുൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കും.
ഷാരൂഖ് സൈയ്ഫിയ്ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായുള്ള അന്വേഷണത്തിലാണ് എൻഐഎ. ഒറ്റയ്ക്ക് ഷാരൂഖിന് ഇത്രയും വലിയൊരു കൃത്യം നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിനാൽ സഹായികളെ കണ്ടെത്താനുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. ഏഴ് ദിവസത്തേക്കാണ് ഷാരൂഖിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ഈ ദിവസങ്ങൾക്കുള്ളിൽ അന്വേഷണത്തിന്റെ ചുരുളഴിക്കാനാണ് എൻഐഎയുടെ നീക്കം.
കഴിഞ്ഞ മാസം 18 നാണ് എലത്തൂർ തീ വയ്പ്പ് കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്. അന്വേഷണത്തിൽ തീവ്രവാദ ബന്ധം കണ്ടെത്തിയതിന് പിന്നാലെ കേസ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് വിടുകയായിരുന്നു.
Discussion about this post