മലപ്പുറം: തട്ടേക്കാടും തേക്കടിയും നാം മറന്നിട്ടില്ലെന്നും ആവർത്തിക്കുന്ന ജലദുരന്തങ്ങൾ ആശങ്കാജനകമാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു വി. മുരളീധരന്റെ പ്രതികരണം.
വിനോദസഞ്ചാരം ദുരന്തപര്യവസായി ആകുന്നത് അംഗീകരിക്കാനാവില്ല. സഞ്ചാരികളുമായി പോകുന്ന ബോട്ടുകളിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുണ്ടെന്ന് ഉറപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു അന്വേഷണ കമ്മിഷനും റിപ്പോർട്ടും താനൂരിൽ നഷ്ടമായ ജീവനുകൾക്ക് പകരമാവില്ലെന്നോർക്കണമെന്നും അദ്ദേഹം കുറിച്ചു.
അപകടം വേദനാജനകമാണെന്നും കുഞ്ഞുങ്ങളടക്കം അകാലത്തിൽ പൊലിഞ്ഞവരുടെ ഉറ്റവരെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും വി. മുരളീധരൻ കുറിച്ചു. രാത്രി വൈകിയും നടന്ന രക്ഷാപ്രവർത്തനത്തിന് കുറെയധികം ജീവനുകൾ രക്ഷിക്കാനായത് ആശ്വാസകരമാണ്.
അപകടം ഞെട്ടിപ്പിക്കുന്ന ദുരന്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അഗാധമായ ദു:ഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു.
ഞായറാഴ്ച വൈകിട്ടാണ് മലപ്പുറം താനൂരിന് സമീപം ഒട്ടുമ്പുറം തൂവൽതീരത്ത് വിനോദസഞ്ചാര ബോട്ട് അപകടത്തിൽപെടുന്നത്. നാൽപതോളം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾ അടക്കമാണ് മരണമടഞ്ഞത്. ബോട്ടിലേക്ക് വെളളം കയറി തലകീഴായി മറിയുകയായിരുന്നുവെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. 21 പേരാണ് ദുരന്തത്തിൽ മരിച്ചത്.
Discussion about this post