താനൂർ: മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി ബോട്ടിന്റെ ഡക്കിൽ വരെ ആളെ കയറ്റിക്കൊണ്ടുള്ള സവാരിയാണ് അപകടത്തിന് വഴി വച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. ബോട്ടിൽ ആകെ 37 പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബോട്ടിൽ എത്ര ആളുകൾ സഞ്ചരിച്ചു എന്നത് സംബന്ധിച്ച് തുടക്കം മുതൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. നാൽപ്പതിനും അമ്പതിനും ഇടയിൽ ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നുവെന്നണ് ആദ്യഘട്ടത്തിൽ വന്ന സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസങ്ങളിലും ബോട്ട് അപകടം നടന്ന സ്ഥലത്ത് വീണ്ടും തിരച്ചിൽ നടത്തിയത്.
22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. അശാസ്ത്രീയമായി ആളുകളെ കുത്തിനിറച്ചതാണ് അപകടകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബോട്ടിന്റെ ഡ്രൈവറായ ദിനേശന് ലൈസൻസ് ഉണ്ടായിരുന്നില്ല. ബോട്ടിന്റെ ഡക്കിൽ വരെ ആളുകളെ കയറ്റിയിരുന്നു. ഒരു ബോട്ടിന്റേയും ഡക്കിൽ ആളുകളെ കയറ്റാറില്ല. അങ്ങനെ കയറ്റിയാൽ അത് താങ്ങാനുള്ള ശേഷി ബോട്ടിന് ഇല്ല. എന്നാൽ അപകടമുണ്ടായ ബോട്ടിന്റെ ഡക്കിലേക്ക് ആളുകളെ കയറ്റുന്നുണ്ടായിരുന്നു. അവിടേക്ക് കയറുന്നതിനായി സ്‌റ്റെപ്പുകളും വച്ചിരുന്നു. അനുവദനീയമായതിലും കൂടുതൽ ആളുകൾ ഡക്കിലേക്ക് വന്നതാണ് ബോട്ട് ഒരു വശത്തേക്ക് മറിയാൻ കാരണം.
ഈ രീതിയിൽ സഞ്ചരിച്ചാൽ വലിയ അപകടത്തിലേക്ക് വഴിവക്കുമെന്ന ബോധ്യം ഇവർക്കൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യവും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. രാത്രി സമയം സർവ്വീസ് നടത്തി. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു യാത്ര തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നു. കുറ്റങ്ങൾ പ്രതി സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. അപകടം നടന്ന ദിവസത്തിന് മുൻപ് ബോട്ടിൽ ജോലി ചെയ്ത മുഴുവൻ പേരെയും പോലീസ് ഇന്ന് ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ നിന്ന് ഏതൊക്കെ തരത്തിൽ ഇവർക്ക് സഹായങ്ങൾ ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് വ്യക്തത തേടും.
Discussion about this post