ന്യൂഡൽഹി: ശബരിമലയിലെ അരവണ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിതരണം തടഞ്ഞ അരവണയുടെ ഗുണനിലവാരം ഒരിക്കൽ കൂടി പരിശോധിക്കാനാണ് കോടതിയുടെ വിധി.
ഏലക്കയിൽ മാരക കീടനാശിനിയുടെ അംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെട്ട് അരവണയുടെ വിതരണം തടഞ്ഞത്. ഇതിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. അരവണയുടെ ഗുണനിലവാരം ഒരിക്കൽ കൂടി പരിശോധിക്കണം എന്നായിരുന്നു ആവശ്യം. ഇതിലാണ് ഇപ്പോൾ അനുകൂല ഉത്തരവ്.
സുപ്രീംകോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഗുണ നിലവാരം മാത്രല്ല, മനുഷ്യർക്ക് കഴിക്കാൻ കഴിയുന്നത് കൂടിയാണോ എന്ന് പരിശോധിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, സിടി രവികുമാർ എന്നിവരാണ് ഹർജിയിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഈ റിപ്പോർട്ട് ഹൈക്കോടതിയ്ക്ക് കൈമാറാനും ബെഞ്ച് നിർദ്ദേശിച്ചു.
കഴിഞ്ഞ മാസമാണ് ഗുണനിലവാരം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും കരാറ് കമ്പനിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയിൽ വിഷയം എത്തിയത്. ഏലക്കയിൽ മാരക കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ആറ് ലക്ഷത്തിലധികം ടിൻ അരവണയുടെ വിൽപ്പനയാണ് ഹൈക്കോടതി തടഞ്ഞത്.
Discussion about this post