തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിന്റെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായ ആന്ധ്രാ സ്വദേശിനി മുറിയിൽ നേരിട്ടിരുന്നത് ക്രൂരപീഡനം ആണെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത് എഫ്‌ഐആറിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
ആന്ധ്രാ സ്വദേശിനി ദീപികയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിയും ആന്ധ്രാ സ്വദേശിനിയുമായ ലോഹിത ദീപികയെ കസേരയിൽ ഷാളുകൊണ്ട് കെട്ടിയിട്ട് മർദ്ദിച്ചതായി പോലീസിന്റെ എഫ്‌ഐആറിൽ പറയുന്നു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വച്ച് പൊള്ളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ദീപിക ഇത് ചെറുത്തു. ഇതോടെ ടീ ഷർട്ടിൻറെ പുറക് വശം പൊക്കി കറിപാത്രം മുതുകത്തുവച്ച് പൊള്ളിച്ചു. കറി വീണ് തോളിലും പൊള്ളലേറ്റു.
പരിക്കേറ്റ് പുളയുന്നതിനിടെ ദീപികയുടെ മുറികളിൽ ലോഹിത മുളകുപൊടി വിതറി. ഇതിന് ശേഷം വീണ്ടും മർദ്ധിക്കുകയായിരുന്നു. കെട്ടഴിച്ചുവിട്ട ശേഷവും മർദ്ദിച്ചു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ കൊല്ലുമെന്നും ലോഹിത ഭീഷണിപ്പെടുത്തിയിരുന്നതായും എഫ്‌ഐആറിലുണ്ട്.
ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയണമെന്ന് ലോഹിതയുടെ ആവശ്യമാണ് മർദ്ദനത്തിന് കാരണമായത്. ഈ ആവശ്യം നിരാകരിച്ചതോടെ മൊബൈൽ ഫോൺ കൊണ്ട് മുഖത്ത് ഇടിച്ചതായും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. ഐപിസി 342, 323, 324, 326 എ, 328, 506 അടക്കമുള്ള വകുപ്പുകളാണ് ലോഹിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post