എണറാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി നേടാൻ ശ്രമിച്ച കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയ്‌ക്കെതിരെ കർശന നടപടിയുമായി പോലീസ്. വിദ്യയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എറണാകുളം സെൻട്രൽ പോലീസിന്റേതാണ് നടപടി. സംഭവത്തിൽ കോളേജ് പരാതി നൽകിയിരുന്നു. ഇതിലാണ് വിദ്യയ്‌ക്കെതിരെ കേസ് എടുത്തത്. സംഭവത്തിൽ വിദ്യയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. വ്യാജ രേഖ ചമച്ചതിന് മൂന്ന് കുറ്റങ്ങളാണ് വിദ്യയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. വ്യാജരഖ നിർമ്മിച്ച് മറ്റൊരാളെ വഞ്ചിച്ചു എന്നതാണ് പ്രധാന കുറ്റം.
നേരത്തെ മഹാരാജാസ് കോളേജിൽ എത്തി പോലീസ് പ്രിൻസിപ്പാളിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്. പോലീസ് ആവശ്യപ്പെട്ടത് പ്രകാരമുള്ള രേഖകളും പ്രിൻസിപ്പാൾ കൈമാറിയിട്ടുണ്ട്.
അദ്ധ്യാപികയായി നിയമനം ലഭിക്കുന്നതിന് വേണ്ടിയാണ് വിദ്യ വ്യാജ രേഖ ചമച്ചത്. അഗളിയിലെ കോളേജിൽ അദ്ധ്യാപക നിയമനത്തിനായി ഹാജരാക്കിയതോടെ ഇത് പിടിക്കപ്പെടുകയായിരുന്നു.
Discussion about this post