എറണാകുളം: മഹാരാജാസ് കോളേജിലെ അദ്ധ്യാപകനെതിരെ പരാതി നൽകിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് തിരിച്ചടി. ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്ന് എക്‌സാമിനേഷൻ കമ്മിറ്റിയുടെ അന്വേഷണത്തിൽ വ്യക്തമായി. കോളേജിലെ വിദ്യാർത്ഥിനിയ്ക്ക് അർഹതപ്പെട്ടതിലും കൂടുതൽ മാർക്ക് ലഭിക്കാൻ അദ്ധ്യാപകൻ ഇടപെട്ടുവെന്ന് ആയിരുന്നു ആർഷോയുടെ പരാതി.
കോളേജിലെ അദ്ധ്യാപകൻ വിനോദ് കുമാറിനെതിരെ ആയിരുന്നു ആർഷോ പരാതി ഉയർത്തിയത്. കെഎസ്‌യു പ്രവർത്തക കൂടിയായ വിദ്യാർത്ഥിനിയ്ക്ക് പുനർമൂല്യ നിർണയത്തിൽ കൂടുതൽ മാർക്ക് ലഭിക്കാൻ വിനോദ്കുമാർ ഇടപെട്ടുവെന്നാണ് ആർഷോയുടെ വാദം. പുനർമൂല്യ നിർണയത്തിൽ വിദ്യാർത്ഥിനിയ്ക്ക് 12 മാർക്കാണ് കൂടുതൽ ലഭിച്ചത്.
എന്നാൽ മാർക്ക് കൂടുതൽ ലഭിച്ചതിൽ അസ്വാഭാവിക ഇല്ലെന്നാണ് അന്വേഷണത്തിനായി നിയോഗിച്ച എക്‌സാമിനേഷൻ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കമ്മിറ്റി പ്രിൻസിപ്പാളിന് കൈമാറിയിട്ടുണ്ട്.
നിലവിൽ പരീക്ഷ എഴുതാതെ കൃത്രിമം കാട്ടി വിജയിച്ച സംഭവത്തിൽ രൂക്ഷ വിമർശനങ്ങളാണ് ആർഷോ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
Discussion about this post