പത്തനംതിട്ട: യുവതീ പ്രവേശനം സാദ്ധ്യമാക്കുന്നതിന് വേണ്ടിയുള്ള പോലീസിന്റെ ഇടപെടൽ ശബരിമലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയെന്ന വെളിപ്പെടുത്തലുമായി മുൻ ഡിജിപി ഹേമചന്ദ്രൻ. ശബരിമലയിൽ കയറാൻ ശ്രമിച്ച മനീതി സംഘത്തിന് പോലീസ് പ്രത്യേക സംരക്ഷണം നൽകി. ഇതിൽ ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകൾ ഏറെ വലുതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മലകയറാൻ എത്തുന്ന മനിതീ സംഘത്തിന് പ്രത്യേക സംരക്ഷണം നൽകണം എന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ ഈ നിലപാടിനോടുള്ള തന്റെ വിയോജിപ്പ് അപ്പോൾ തന്നെ പോലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. എല്ലാ ഭക്തർക്കും നൽകുന്ന സംരക്ഷണം അവർക്കും നൽകിയാൽ മതിയെന്ന് ആയിരുന്നു തന്റെ നിലപാട്. എന്നാൽ അത് കോടതിയലക്ഷ്യമാകുമെന്നായിരുന്നു തനിക്ക് ലഭിച്ച് മറുപടിയെന്നു അദ്ദേഹം വ്യക്തമാക്കി.
മനീതി സംഘത്തെ ശബരിമലയിലേക്ക് കയറ്റിവിടുന്നതിനായി വലിയ നിയന്ത്രണങ്ങൾ ആയിരുന്നു പോലീസ് ഏർപ്പെടുത്തിയത്. ഒളിപ്പോരാളികളെ നേരിടാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു പോലീസ് അപ്പോൾ. ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയ പല തീരുമാനങ്ങളും ഭക്തരിൽ കൂടുതൽ പ്രകോപനം ഉണ്ടാക്കുകയാണ് ചെയ്തത്. ഭക്തരുടെ വാഹനങ്ങൾ നിലയ്ക്കലിൽ പോലീസ് തടഞ്ഞു. ഇത് ഭക്തർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. അതേസമയം മനീതി സംഘത്തിന്റെ വാഹനം നിലയ്ക്കൽ വരെ പോലീസ് കയറ്റിവിട്ടു. ഇതോടെ അന്തരീക്ഷം ആകെ കലുഷിതമാകുകയായിരുന്നുവെന്നും ഹേമചന്ദ്രൻ വെളിപ്പെടുത്തി.
ശബരിമലയിലെ അന്തരീക്ഷം കൂടുതൽ വഷളായതോടെയായിരുന്നു നിരീക്ഷണ സമിതി ഇടപെട്ടത്. ശബരിമലയിലെ പോലീസ് നടപടിയോട് തനിക്ക് വലിയ അതൃപ്തിയായിരുന്നു ഉണ്ടായത്. ഈ അതൃപ്തി മുഖ്യമന്ത്രിയെ താൻ അറിയിച്ചിരുന്നു. എന്നാൽ പോലീസ് സംവിധാനത്തിൽ നിന്നും മുഖ്യമന്ത്രിയ്ക്ക് ലഭിച്ച റിപ്പോർട്ട് വ്യത്യസ്തമായതിനാൽ അത് വിശ്വസിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും ഹേമചന്ദ്രൻ വ്യക്തമാക്കി.
ശബരിമലയിൽ വലിയ വീഴ്ചയാണ് പോലീസിന് ഉണ്ടായത്. രണ്ട് യുവതികളെ ഒളിച്ചു കടത്തിയാൽ ലിംഗ സമത്വവും കോടതി വിധിയും നടപ്പിലാക്കാനാകില്ല. ഹൈക്കോടയ്ക്ക് നൽകിയ റിപ്പോർട്ടിൽ ശബരിമലയിൽ പ്രതിഷേധിച്ചവരെ മതഭ്രാന്തർ എന്നാണ് പോലീസ് വിശേഷിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post