കണ്ണൂർ; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ തള്ളി മുൻ ആരോഗ്യമന്ത്രി കെ കെ ഷൈലജ എംഎൽഎ. തെറ്റ് എല്ലാ കാലവും മറച്ചുപിടിക്കാനാകില്ലെന്നും ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും അവർ പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ, കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയില്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അതെല്ലാ കാലവും മറച്ച് വയ്ക്കാൻ പറ്റില്ലെന്നായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരെയുള്ള കേസിന്റെ വിശദാംശങ്ങൾ അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.അഖിലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്റെ മുന്നിലില്ല. ആർഷോ നൽകിയ പരാതിയിലാണ് കേസെടുത്തത് എന്നാണ് അറിവ്. അത്തരം ആരോപണങ്ങൾ ശരിയാണോ അല്ലയോ എന്ന് അന്വേഷണത്തിൽ തെളിയും. പങ്കാളിയല്ലെങ്കിൽ അതും, ആണെങ്കിൽ അതും തെളിയിക്കപ്പെടും. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ തനിക്ക് അഭിപ്രായം പറയാനാകില്ല എന്നായിരുന്നു മുൻ മന്ത്രിയുടെ പരാമർശം.
വ്യാജരേഖ ചമയ്ക്കൽ കേസിലെ ആരോപണവിധേയയായ എസ്എഫ്‌ഐ നേതാവായ കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ്. ഒളിയിടം കണ്ടെത്താൻ സൈബർ പോലീസിന്റെ സഹായം തേടി. ഇന്നലെ വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ, വ്യാജരേഖയുടെ യഥാർഥ പകർപ്പ് കണ്ടെത്താൻ സാധിച്ചിട്ടില്ല.
മഹാരാജാസ് കോളേജിൽ അഗളി ഡിവൈഎസ്പി നേരിട്ടെത്തി പ്രിൻസിപ്പലിൽ നിന്ന് വിവരങ്ങൾ തേടും. അതിനിടെ കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെഎസ്യു രംഗത്തെത്തി. സംവരണ തത്വങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് കാലടി സർവകലാശാലയിൽ വിദ്യ എംഫിൽ ചെയ്തത്. സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ടാണ് വഴിവിട്ട നീക്കങ്ങൾക്ക് പിന്നിലെന്നും കെഎസ്യു ആരോപിച്ചു.
Discussion about this post