എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. കേസിലെ പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയെ കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് പ്രതിസന്ധിയാകുന്നത്. വിദ്യയെ ചോദ്യം ചെയ്താൽ മാത്രമേ കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നാണ് പോലീസ് നിലപാട്.
ഒളിവിൽ പോയ വിദ്യായ്ക്കായി കഴിഞ്ഞ 12 ദിവസമായി പോലീസ് അന്വേഷണം തുടരുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയിട്ടും വിദ്യയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ വിദ്യയുടെ വീട്ടിൽ തിരച്ചിൽ നടത്തിയ പോലീസിന് പ്രധാന തെളിവായ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റിന്റെ യഥാർത്ഥ കോപ്പി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് വിദ്യ കയ്യിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് നിഗമനം. അന്വേഷണത്തിൽ ഇത് കണ്ടെത്തേണ്ടത് നിർണായകമാണ്. ഇതിനിടെ ഒളിവിൽ തുടരുന്ന വിദ്യ കോഴിക്കോടും, എറണാകുളത്തും എത്തിയതായാണ് വിവരം.
അതേസമയം കരിന്തളം ഗവ. കോളേജിൽ സേവനം അനുഷ്ഠിച്ച കാലയളവിൽ വിദ്യ വാങ്ങിയ ശമ്പളം തിരിച്ചു പിടിച്ചേക്കുമെന്നാണ് സൂചന. കോളേജിൽ സമർപ്പിച്ച രേഖ വ്യാജമാണെന്ന് കോളേജിയറ്റ് എജ്യുക്കേഷൻ സംഘത്തിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ വിദ്യയുടെ ശമ്പളം ഉൾപ്പെടെ തിരിച്ച് പിടിക്കാൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് കോളേജിയറ്റ് എജ്യുക്കേഷൻ സംഘം കൈമാറും.
Discussion about this post