തിരുവനന്തപുരം; കേരളത്തിന് പുറത്തുളള സർവ്വകലാശാലകളുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്ന മാഫിയകളെയും ഏജന്റുമാരെയും പുറത്തുകൊണ്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കായംകുളത്ത് എസ്എഫ്‌ഐ നേതാവായിരുന്ന നിഖിൽ തോമസ് ബികോമിന് തോറ്റിട്ടും കലിംഗ സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റുമായി എംകോമിന് ചേർന്ന വിവാദ വിഷയത്തിൽ വൈകിട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആർഷോ.
അതേസമയം ആർഷോയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴയാണ് സൃഷ്ടിക്കുന്നത്. മഹാരാജാസ് കോളജിലെ ആർക്കിയോളജി വിദ്യാർത്ഥിയായ ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി മാർക്ക് ലിസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റും ചർച്ചയായത്. ഈ വിഷയങ്ങളും മുൻ എസ്എഫ്‌ഐ നേതാവ് വിദ്യ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയതും ട്രോളുകളിൽ വിഷയമാണ്.
നിഖിൽ കലിംഗ സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് യൂണിവേഴ്‌സിറ്റിയുടെ രജിസ്ട്രാർ സ്ഥിരീകരിച്ചിരുന്നു. രാവിലെ മാദ്ധ്യമങ്ങളോട് നിഖിലിന്റെ സർട്ടിഫിക്കറ്റ്് വ്യാജമല്ലെന്ന് പറഞ്ഞ ആർഷോ വൈകിട്ട് അത് തിരുത്തി മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് വ്യാജ സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റുകൾ നൽകുന്ന മാഫിയകളെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്.
എസ്എഫ്‌ഐയുടെ പ്രവർത്തകനായിരുന്ന ഒരാളിൽ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടുപോകേണ്ട വിഷയമല്ല. കേരളത്തിലടക്കം ഈ വിധത്തിൽ അഡ്മിഷൻ റെഡിയാക്കി കൊടുത്ത് സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഏജന്റുമാർ ഉണ്ട്. അത്തരം വിഷയം മുൻകാലങ്ങളിലും ഉന്നയിച്ചിട്ടുണ്ട്. ആ ഗൗരവകരമായ സാഹചര്യത്തിലേക്ക് ഈ വിഷയം ചർച്ചയാകണം. നിങ്ങൾ ഈ വിഷയം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് ആയിരുന്നു മാദ്ധ്യമങ്ങളോട് ആർഷോയുടെ വാക്കുകൾ.
അത്തരം ആളുകൾക്കെതിരെ നടപടി സ്വീകരിക്കണം. കേരളത്തിന് പുറത്ത് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സർവ്വകലാശാലകൾ അടച്ചുപൂട്ടുന്ന നിലയിൽ തന്നെ മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് എസ്എഫ്‌ഐയുടെ നിലപാടെന്നും ആർഷോ പറഞ്ഞു.
Discussion about this post