ഒരാളുടെ മനസ്സില്‍ കയറിപ്പറ്റാനുള്ള എളുപ്പവഴി വയറാണെന്ന് പറയാറില്ലേ. അതായത്, വയറിന് ഇഷ്ടപ്പെടുന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുത്താല്‍ കഴിക്കുന്നവരുടെ ഇഷ്ടം പിടിച്ചുപറ്റാമെന്ന്. പക്ഷേ മറ്റുള്ളവരുടെ മനസ്സ് മാത്രമല്ല, സ്വന്തം മനസ്സിനെ പ്രീതിപ്പെടുത്തുന്ന കാര്യത്തിലും ഉദരത്തിന്റെ ക്ഷേമം വളരെ പ്രധാനമാണ്.
മൊത്തത്തിലുള്ള ശാരീരിക സൗഖ്യത്തില്‍ ഉദരാരോഗ്യം വലിയ പങ്ക് വഹിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഭക്ഷണം ചവയ്ക്കുന്നത് മുതല്‍ ശരീരത്തില്‍ നിന്നും വിസര്‍ജ്യം പുറന്തള്ളുന്നത് വരെയുള്ള പ്രക്രിയയുടെ ഭാഗമായ ഓരോ അവയവങ്ങളും ഉദരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേകപങ്ക് വഹിക്കുന്നുണ്ട്. ശരീരത്തില്‍ പലതരത്തിലുള്ള ജോലികള്‍ നിര്‍വ്വഹിക്കുന്നു എന്നതിലുപരിയായി, ഉദര-മസ്തിഷ്‌ക അച്ചുതണ്ട് വഴി മാനസികാരോഗ്യത്തിലും ഉദരാരോഗ്യം സുപ്രധാന പങ്ക് വഹിക്കുന്നു. ഉദരത്തിലുള്ള സൂക്ഷ്മാണുക്കള്‍ ന്യൂറോട്രാന്‍സ്മിറ്ററുകള്‍ ഉല്‍പ്പാദിപ്പിക്കുകയും മസ്തിഷ്‌കവുമായി സംവദിച്ച് നമ്മുടെ മൂഡുകളെയും വികാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്നു.
ഉദരം-കരള്‍-മസ്തിഷ്‌കം എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന അച്ചുതണ്ട് വളരെ സങ്കൂര്‍ണ്ണമായ ആശയവിനിമയ സങ്കേതമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മൊത്തത്തിലുള്ള ശാരീരിക ക്ഷേമത്തെ ഈ സംവിധാനം സ്വാധീനിക്കുന്നുണ്ട്. അതായത്, ഉദരത്തിലെ സൂക്ഷ്മാണുക്കളുടെ അസന്തുലിതാവസ്ഥ ന്യൂട്രോട്രാന്‍സിമിറ്ററുകളുടെ ഉല്‍പ്പാദനത്തിന്റെ താളം തെറ്റിക്കുകയും ഉത്കണ്ഠ, വിഷാദം പോലുള്ള മാനസിക തകരാറുകള്‍ക്ക് കാരണമാകുകയും ചെയ്യും. ഉദരാരോഗ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമായ കരളും മസ്തിഷ്‌കവുമായി ബന്ധപ്പെട്ടിരിക്കുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെ കരളും സ്വാധീനിക്കുന്നുണ്ടെന്ന് സാരം.
നാഡികള്‍, ഹോര്‍മോണുകള്‍, രോഗപ്രതിരോധ പാതകള്‍ എന്നിവ വഴിയാണ് മസ്തിഷ്‌കം, കരള്‍, ഉദരം എന്നിവ പരസ്പരം സംവദിച്ച്, പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നത്.
Discussion about this post