തിരുവനന്തപുരം: വിമാനത്തിലെത്തി ആളില്ലാത്ത വീടുകൾ തിരഞ്ഞ് കണ്ടുപിടിച്ച് മോഷണം നടത്തി മുങ്ങുന്ന കളളനെ പോലീസ് പിടിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് തെലങ്കാന സ്വദേശി സംപതി ഉമാ പ്രസാദിനെ പോലീസ് പൊക്കിയത്.
വിമാനത്തിൽ കേരളത്തിലെത്തി ഹോട്ടലിൽ താമസിച്ച് ഓട്ടോയിൽ ചുറ്റി നടന്ന് മോഷ്ടിക്കാനുളള വീടുകൾ കണ്ടെത്തും. പിന്നെയാണ് മോഷണം. മെയ് 28 ന് തിരുവനന്തപുരത്ത് എത്തി. ശ്രീപത്മനാഭസ്വാമി ക്ഷേത്രവും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. ഒപ്പം ആളില്ലാത്ത വീടുകളും നോക്കിവെച്ചു. അഞ്ച് ദിവസം കഴിഞ്ഞ് മടങ്ങി. ജൂൺ ആറിന് വീണ്ടും വിമാനത്തിൽ കേരളത്തിലെത്തി. മൂന്ന് വീടുകളിൽ മോഷണം നടത്തിയ ശേഷം ജൂലൈ ഒന്നിന് തിരിച്ചുപോയി. ആറ് ലക്ഷം രൂപയുടെ സ്വർണം മോഷ്ടിക്കാൻ നാല് വിമാന യാത്രകളാണ് ഇയാൾ നടത്തിയത്.
ഗൂഗിൾ ലൊക്കേഷൻ വെച്ചാണ് ഇയാൾ വീടുകൾ അടയാളപ്പെടുത്തുന്നത്. രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തി അവിടെ പതുങ്ങിയിരിക്കും. കട്ടിംഗ് ടൂളുകൾ വെച്ച് പ്രധാന വാതിലിലും ജനലിന്റെയും കമ്പി ഒടിച്ച് അകത്ത് കയറും. വിരടലയാളം പതിയാതിരിക്കാൻ കൈയ്യുറ ഉൾപ്പെടെ ധരിച്ചാണ് മോഷണത്തിന് എത്തുക. രൂപം തിരിച്ചറിയാതിരിക്കാൻ തൊപ്പിയുളള ബനിയനും മുഖാവരണവുമൊക്കെ ധരിക്കും. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.
മോഷണത്തിന് എത്തിയ വീടിന് സമീപപ്രദേശത്ത് ഇയാൾ തൊപ്പി മാത്രം വെച്ച് ഓട്ടോയിൽ ഇറങ്ങി നടന്നുപോകുന്ന ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു ഇതാണ് വഴിത്തിരിവായത്. സമീപത്തെ ഒരു കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളായിരുന്നു പോലീസിന്റെ ആദ്യ തുമ്പ്. തുടർന്ന് ഓട്ടോഡ്രൈവറെ കണ്ടെത്തി ഇയാൾ താമസിച്ച ഹോട്ടലും വിമാനടിക്കറ്റിന്റെ വിവരങ്ങളും പോലീസ് മനസിലാക്കി.
പോലീസിന്റെ പ്രവർത്തനങ്ങളും രാത്രി ഡ്യൂട്ടിയിലെ ബീറ്റും മനസിലാക്കാൻ പോലീസ് സ്‌റ്റേഷനിൽ ഇയാൾ പാർട്ട്‌ടൈം ജോലിയും ചെയ്തിട്ടുണ്ട്. കയറുന്ന വീടുകളിൽ നിന്ന് സ്വർണം മാത്രമാണ് മോഷ്ടിക്കുക. അത് പണയം വെച്ച് പണം എടുക്കും
പേട്ട മൂലവിളാകം ജംഗ്ഷനിലെ വീട്ടിൽ നിന്ന് 11 പവൻ സ്വർണവും മണക്കാട് ജിഎച്ച്എസ് ലൈനിലെ വീട്ടിൽ നിന്ന് അര ലക്ഷം രൂപയുടെ ആഭരണങ്ങളും വാഴപ്പളളിയിലെ മറ്റൊരു വീട്ടിൽ നിന്നും സ്വർണം കവർന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. വീടുകളിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്താണ് മോഷണം. പോകുമ്പോൾ ഹാർഡ് ഡിസ്‌കും കൈക്കലാക്കും.
പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പോലീസ് പിടികൂടിയത്. ട്രോളി ബാഗുമായി തലയിൽ തൊപ്പി വെച്ച് വിമാനത്താവളത്തിന് പുറത്തിറങ്ങിയപാടേ മഫ്തിയിൽ നിന്ന പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post