ചക്ക സീസണ്‍ ഏതാണ്ട് അവസാനിക്കാറായി. ഇടിച്ചക്ക തോരനും നല്ല കാന്താരിയിട്ട് ഉടച്ച ചക്കപ്പുഴുക്കും തേനൂറുന്ന തേന്‍വരിക്കയും ചക്കയടയും ചക്ക വരട്ടിയും ചക്കപ്പായസവും വരെ കഴിച്ച് ഈ ചക്ക സീസണ്‍ ചക്കപ്രേമികള്‍ ആവോളം ആഘോഷിച്ചു. ചക്ക എരിശ്ശേരിയും ചക്ക അവിയലും ചക്കപ്പുട്ടും ചക്കച്ചിപ്‌സും തരം പോലെ അടുക്കളകളില്‍ വന്നുപോയി. ചക്കക്കാലമായാല്‍ പൊതുവേ നമ്മുടെ(ചക്ക ഇഷ്ടപ്പെടുന്നവരുടെ) ആരോഗ്യം ഒന്ന് പുഷ്ടിപ്പെടും. കാരണം പ്രോട്ടീന്‍, വൈറ്റമിന്‍ എ, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍ സി ഉള്‍പ്പടെയുള്ള അവശ്യപോഷകങ്ങളാണ് ചക്കയുടെ വിവിധ ഭാഗങ്ങളിലായി ഉള്ളത്.
പ്രമേഹം കാരണം കപ്പപ്പുഴുക്ക് കഴിക്കാന്‍ വയ്യാതെ സങ്കടപ്പെടുന്നവര്‍ക്ക് ചക്കപ്പുഴുക്ക് വേണ്ടുവോളം കഴിക്കാം. കാരണം ചക്ക പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ചക്കയില്‍ ഗ്ലൈസീമിക് സൂചിക കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കൂട്ടത്തില്‍ കുഞ്ഞനായ ചക്കക്കുരുവിനെ പലര്‍ക്കും ശരിക്കങ്ങ് മനസ്സിലാക്കിയിട്ടില്ല. പണ്ടാരോ പറഞ്ഞ അപവാദം മനസ്സില്‍ ഉള്ളതുകൊണ്ട് രുചിയില്‍ കേമനായ ചക്കക്കുരുവിനെ ഒരു പരിധിവിട്ട് നമ്മള്‍ അടുപ്പിക്കാറില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ ചക്കക്കുരു വളരെയധികം പോഷകഗുണമുള്ള ഒന്നാണ്. ഒന്നല്ല, പല്ലവിധത്തില്‍ ചക്കക്കുരു നിങ്ങളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കും.
ചക്കക്കുരുവിന്റെ ആരോഗ്യഗുണങ്ങള്‍
ദഹനം മെച്ചപ്പെടുത്തുന്നു: ചക്കക്കുരുവില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ദഹനം മെച്ചപ്പെടുത്തുകയും ശോധന ക്രമപ്പെടുത്തുകയും ചെയ്യുന്നു. ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്താനും മറ്റ് ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കാനും ചക്കക്കുരു സഹായിക്കും.
ഹൃദയാരോഗ്യത്തിനും നല്ലത്: ചക്കക്കുരുവില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകള്‍ അയഞ്ഞ് രക്തപര്യയന വ്യവസ്ഥയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും അതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പൊട്ടാസ്യം സഹായിക്കും. ഇതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കപ്പെടും.
എല്ലുകളെ ബലപ്പെടുത്തുന്നു: ആരോഗ്യമുള്ള എല്ലുകള്‍ക്ക് കാല്‍സ്യമല്ലാതെ മറ്റ് പോഷകങ്ങളും ആവശ്യമാണ്. മഗ്നീഷ്യം അതിലൊന്നാണ്. ചക്കക്കുരുവില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കാല്‍സ്യത്തിന്റെ ആഗിരണം മെച്ചപ്പെടുത്താനും എല്ലുകളെ ബലപ്പെടുത്താനും മഗ്നീഷ്യം സഹായിക്കും.
മെറ്റബോളിസം മെച്ചപ്പെടുത്തുന്നു:കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ ചക്കക്കുരു മികച്ച ഊര്‍ജ്ജസ്രോതസ്സ് കൂടിയാണ്. കൂടാതെ, ബി-കോംപ്ലെക്‌സ് വൈറ്റമിനുകളും ചക്കക്കുരുവില്‍ ഉണ്ട്. ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിലും ആരോഗ്യകരമായ മെറ്റബോളിസം സാധ്യമാക്കുന്നതിലും ബി-കോംപ്ലെക്‌സ് പ്രധാന പങ്ക് വഹിക്കുന്നു.
അനീമിയ തടയും: നിരവധി പേരെ അലട്ടുന്ന രോഗമാണ് അനീമിയ, പ്രത്യേകിച്ച് സ്ത്രീകളെ. ചക്കക്കുരുവില്‍ ധാരാളമായി അടങ്ങിയിട്ടുള്ള അയേണ്‍ ആരോഗ്യമുള്ള ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്നു. ആവശ്യത്തിന് അയേണ്‍ ശരീരത്തിലെത്തിയാല്‍ അനീമിയ തടയാനും ശരീരത്തിലുടനീളമുള്ള ഓക്‌സിജന്റെ സഞ്ചാരം സുഗമമാകാനും സഹായകമാകും.
അതേസമയം ചക്കക്കുരു പച്ചയ്ക്ക് കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
Discussion about this post