തിരുവല്ല: കുപ്രസിദ്ധ ക്ഷേത്ര മോഷണ വിദഗ്ദ്ധൻ മാത്തുക്കുട്ടി പോലീസിന്റെ പിടിയിലായി. അപ്രതീക്ഷിതമായി ലഭിച്ച സൂചനയിൽ നിന്ന്് തിരുവല്ല പോലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ് പോലീസ് തേടിക്കൊണ്ടിരുന്ന മാത്തുക്കുട്ടിയെ കുടുക്കിയത്. ചോറ്റാനിക്കര റെയിൽവേസ്റ്റേഷന് സമീപമുളള അമ്പലത്തിൽ മോഷണം നടത്തി പുലർച്ചെ ട്രെയിനിൽ കയറി ചങ്ങനാശ്ശേരിയിലും തുടർന്ന് തിരുവല്ലയിലും എത്തിയതായിരുന്നു മാത്തുക്കുട്ടി.
തിരുവല്ല സ്‌പെഷ്യൽബ്രാഞ്ച് ഉദ്യോഗസ്ഥൻ വി.ആർ.സജിത്ത് രാജിന് അതിരാവിലെ ഒരു പരിചയക്കാരൻറെ ഫോൺകോൾ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തിരുവല്ല ടൗണിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ തോട്ടഭാഗം ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ രണ്ട് സഞ്ചിയിൽ നിറയെ ചില്ലറപ്പൈസയുമായി ഒരാൾ നിൽക്കുന്നുവെന്നായിരുന്നു ഫോണിൽ ലഭിച്ച വിവരം.
വീട്ടിലായതിനാൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം നൽകാമെന്ന് സജിത് ആദ്യം കരുതി. എന്നാൽ സമയം പാഴാക്കാൻ പാടില്ലെന്നൊരു തോന്നൽ ഉളളിൽവന്നു. ഫോൺവിളിച്ച പരിചയക്കാരനോട് ഒരു ഫോട്ടോയെടുത്ത് അയയ്ക്കാൻ പറഞ്ഞിട്ട് നിന്ന വേഷത്തിൽ ബൈക്കിൽ തോട്ടപ്പളളിയിലെത്തി. എന്നാൽ സജിത് എത്തുന്നതിനുമുൻപു തന്നെ സഞ്ചിയുമായി നിന്നയാൾ തിരുവല്ല – കോഴഞ്ചേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറി തിരുവല്ല ഭാഗത്തേയ്ക്ക് പോയിക്കഴിഞ്ഞിരുന്നു.
തിരുവല്ല ഡിവൈ.എസ്.പിയെ വിവരം അറിയിച്ചശേഷം ബസ് പിൻതുടർന്ന് പരിശോധിച്ചെങ്കിലും ഫോട്ടോയിലുളളയാൾ തോട്ടഭാഗത്തിന് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങിതായി ബസ് ജീവനക്കാർ അറിയിച്ചു. മൂന്നുസ്റ്റോപ്പുകൾക്ക് പുറകിലുളള മനയ്ക്കച്ചിറ എന്ന സ്ഥലത്താണ് അയാൾ ഇറങ്ങിയതെന്ന് മനസ്സിലാക്കിയ സജിത് പോലീസ് സംഘത്തെ വിവരം അറിയിച്ചശേഷം അതിവേഗം തിരികെയെത്തി.
സ്ഥലത്തുണ്ടായിരുന്ന ചിലരോട് ഫോട്ടോ കാണിച്ച് വിവരം തിരക്കവെ അതിരാവിലെ ജംഗ്ഷനിൽ എത്തുന്ന ഒരു ഓട്ടോഡ്രൈവർ കോഴഞ്ചേരിക്ക് ഓട്ടം പോയതായി അറിഞ്ഞു. ഫോണിൽ വിളിച്ച് അടയാളം പറഞ്ഞപ്പോൾ രണ്ടു സഞ്ചിയുമായി ഓട്ടോയിൽ കയറിയയാളെ ചെറുകോൽപുഴ എന്ന സ്ഥലത്ത് ഇറക്കിയതായി അറിഞ്ഞു. സജിത് വിവരം ആറൻമുള പോലീസിനെ അറിയിച്ചു.
സജിത്ത് നൽകിയ വിവരങ്ങൾ പ്രകാരം തെരച്ചിൽ നടത്തിയ ആറൻമുള പോലീസ് ഇയാളെ ചന്തക്കടവ് ഭാഗത്ത് കണ്ടെത്തി. പോലീസിനെ കണ്ട് ആറ്റിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറുകരയിലും പോലീസുകാർ കാത്തു നിൽപ്പുണ്ടായിരുന്നു. തിരുവല്ല, ആറൻമുള സ്‌റ്റേഷനുകളിലെ പോലീസുകാർ സംയുക്തമായി നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാൾ വലയിലായത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ മോഷണത്തിനുശേഷം ജില്ല വിടുകയാണ് പതിവ്. കേരളത്തിലെ വിവിധ ജില്ലകളിലെ ക്ഷേത്രങ്ങളിൽ നടന്ന മോഷണത്തിൽ മാത്തുക്കുട്ടിക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവരം ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.
2010 ൽ പോലീസ് സർവ്വീസിൽ പ്രവേശിച്ച സജിത്ത് രാജ് കവിയൂർ സ്വദേശിയാണ്. ഒരു വർഷമായി പത്തനംതിട്ട സ്‌പെഷ്യൽ ബ്രാഞ്ചിൽ ജോലി നോക്കുന്നു.
Discussion about this post