ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി വെള്ളിയാഴ്ച തന്റെ 42-ാം ജന്മദിനം ആഘോഷിച്ചു. സാധാരണയായി സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന എംഎസ് ധോണി ജന്മദിനത്തിൽ തന്റെ ആരാധകർക്ക് ഒരു സർപ്രൈസ് നൽകി. തന്റെ വളർത്തുനായ്ക്കൾക്കൊപ്പം ഒരു ചെറിയ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ആണ് ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ധോണിയും നാലു വളർത്തു നായ്ക്കളുമാണ് വീഡിയോയിൽ ഉള്ളത്. കേക്ക് മുറിച്ച് ഓരോ കഷ്ണം എല്ലാ നായ്ക്കൾക്കും വായിലേക്ക് നൽകിയശേഷം ധോണിയും കേക്ക് കഴിക്കുന്നതായി വീഡിയോയിൽ കാണാം. ” നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി, എന്റെ ജന്മദിനാഘോഷത്തിന്റെ ഒരു ചെറിയ കാഴ്ച” എന്ന അടിക്കുറിപ്പോടെയാണ് ധോണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് ഈ വീഡിയോക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഇതുവരെ 38 ലക്ഷത്തിലധികം പേർ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് രംഗത്ത് അടക്കമുള്ള നിരവധി പേർ എം എസ് ധോണിക്ക് ജന്മദിനാശംസകൾ നേർന്നുള്ള കമന്റുകളും ഈ വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിട്ടുണ്ട് .
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് മനോഹരമായ വിജയം നേടിക്കൊടുത്തതിനുശേഷം തന്റെ ഇടതു കാൽമുട്ടിന്റെ പരിക്കിന് മുംബൈയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയായിരുന്നു എം എസ് ധോണി. മൂന്നോ നാലോ മാസത്തെ വിശ്രമം അദ്ദേഹത്തിന് വേണ്ടിവരും എന്നും അതിനുശേഷം വീണ്ടും അദ്ദേഹം മത്സര രംഗത്തേക്ക് തിരികെ വരുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post