കൊച്ചി: തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ യുഡിഎഫ് വൈസ് ചെയർമാൻ പുറത്തായി. വൈസ് ചെയർമാനെ നീക്കാൻ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലീഗ് അംഗങ്ങൾ പിന്തുണക്കുകയായിരുന്നു. ലീഗിന് പുറമേ മൂന്ന് വിമത കോൺഗ്രസ് അംഗങ്ങൾ കൂടി എൽഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചതോടെ, വൈസ് ചെയർമാൻ എ എ ഇബ്രാഹിം കുട്ടിക്ക് സ്ഥാനം നഷ്ടമായി.
ലീഗ് അംഗങ്ങളായ പി എം യൂനുസ്, ഷിമി, ദിനൂപ് എന്നിവരും കോൺഗ്രസ് വിമതരും സ്വതന്ത്ര അംഗങ്ങളായ ഓമന സാബു, വർഗീസ് പ്ലാശേരി എന്നിവരും എൽഡിഎഫ് പ്രമേയത്തെ പിന്തുണച്ചു. ഇതോടെ ആകെയുള്ള 43 കൗൺസിലർമാരിൽ 23 പേരുടെയും പിന്തുണ എൽഡിഎഫിന് ലഭിച്ചു. വോട്ടിംഗിൽ നിന്നും വിട്ടുനിന്ന് അവിശ്വാസ പ്രമേയത്തിനെതിരെ നിലപാട് വ്യക്തമാക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. എന്നാൽ ലീഗിന്റെ അപ്രതീക്ഷിത നീക്കം യുഡിഎഫിന് തിരിച്ചടിയാകുകയായിരുന്നു.
തിരഞ്ഞെടുപ്പുകാലത്ത് സ്വീകരിച്ച നയപ്രകാരം ഇബ്രാഹിം കുട്ടി വൈസ് ചെയർമാൻ സ്ഥാനം രാജി വെക്കാൻ വിസമ്മതിച്ചത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം അംഗത്തിനെതിരായ പാർട്ടിയുടെ അപ്രതീക്ഷിത നീക്കം എന്നാണ് വിവരം. മുൻ ധാരണ പ്രകാരം ഇബ്രാഹിം കുട്ടിക്ക് രാജി വെക്കാൻ പാർട്ടി നൽകിയിരുന്ന അവസാന അവസരം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അടുത്ത ഒന്നര വർഷം പി എം യൂനുസും പിന്നീടുള്ള ഒരു വർഷം ദിനൂപുമാണ്, മുൻ ധാരണ പ്രകാരം വൈസ് ചെയർമാന്മാർ.
ലീഗിൽ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസ് പറഞ്ഞു. മുനിസിപ്പാലിറ്റിയിൽ വരാനിരിക്കുന്ന പ്രമേയങ്ങളിലും ചർച്ചകളിലും തിരഞ്ഞെടുപ്പുകളിലും ഇബ്രാഹിം കുട്ടിയും അനുയായി സജീന അക്ബറും ഭിന്ന നിലപാട് സ്വീകരിച്ചാൽ യുഡിഎഫിന് അത് തലവേദനയാകുമെന്ന് അടുത്തയിടെ രാജി വെച്ച ചെയർപേഴ്സൺ അജിത തങ്കപ്പൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.













Discussion about this post