രാമായണത്തിന്റെ ശീലുകളിലൂടെ പരമാത്മരഹസ്യം മുഴങ്ങിക്കേൾക്കുന്ന പുണ്യമാസമാണ് കർക്കിടകം. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ബ്രഹ്മജ്ഞാനമുറപ്പുവന്ന ഒരു മഹായോഗിയായിരുന്നു. ആ തിരുമൊഴികൾ രാമാമൃതമായി ഓരോ മലയാള മനസ്സിലും സരയുവിന്റെ വിശുദ്ധിയോടെ ഒഴുകിപ്പരക്കുന്ന പുണ്യം.
‘അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യായനംചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
മുക്തിസാധിക്കുമസന്ദിഗ്ദ്ധമിജ്ജന്മംകൊണ്ടേ’
അത്യന്തം രഹസ്യമായ ഈ അദ്ധ്യാത്മരാമായണം മരണത്തെ തടുത്ത് മുക്തിനൽകാൻ കഴിവുള്ളതാണ്. ബുദ്ധിമാന്മാർ ഈ കഥ കേൾക്കുന്ന നിമിഷം എത്ര കെട്ടുപാടുകളിൽപ്പിണഞ്ഞു കിടക്കുന്നവരായാലും മുക്തരായി വന്നുകൂടും. എഴുത്തച്ഛൻ ഈ ഉറപ്പോടെയാണ് രാമായണം ആരംഭിക്കുന്നത്. രാമമന്ത്രത്തിന്റെ സാരം കഥയായി വിഗ്രഹമാകുമ്പോൾ പവിത്രമായ ആ ജീവിതം സത്യത്തിന്റെ നേർക്കാഴ്ചയാണ്.
ധർമ്മമൂർത്തിയാണ് മര്യാദാപുരുഷോത്തമനായ ശ്രീരാമദേവൻ. പക്ഷേ രാമമന്ത്രത്തിനൊരു രഹസ്യമുണ്ട്. അത് അനാദിയായ രഹസ്യമാണ്. അതിനെ മാനുഷനെന്ന് കൽപ്പിക്കുന്നവർ അജ്ഞാനികൾ എന്ന് എഴുത്തച്ഛൻ തന്നെ പറഞ്ഞിരിക്കുന്നു. ശ്രീരാമൻ പരമാത്മാവാണ്, പരമാനന്ദ മൂർത്തി, പ്രകൃതിയുടെ കാരണൻ, ഏകൻ, പുരുഷോത്തമൻ, അനന്തൻ, ആദിനാഥൻ, ഗുരുകാരുണ്യമൂർത്തി, പരമൻ, പരബ്രഹ്മം എന്നിങ്ങനെ വിശേഷണങ്ങളെല്ലാം നിർവികൽപ്പവും നിർവികാരവുമായ സർവൈക കാരണവും ആയ സാക്ഷാൽ ഭഗവാന് വേണ്ടുന്ന വിശേഷണമാണ്. അമൂർത്തമായ ആ സങ്കൽപ്പത്തിന്റെ മനുഷ്യരൂപത്തിലുള്ള വിഗ്രഹമാണ് ഭഗവാൻ ശ്രീരാമചന്ദ്രൻ. ചിദഗ്‌നി കുണ്ഡ സംഭൂതയായ മായാമയയായ ചിന്മയയായ പരാശക്തി തന്നെയാണ് സീതാദേവി. ഇവരുടെ വൈഭവമാണ് രാമകഥ.
‘പരമാത്മാവാകുന്ന ബിംബത്തിൽ പ്രതിബിംബം
പരിചിൽ കാണുന്നതു ജീവാത്മാവറികെടോ!
തേജോരൂപിണിയാകുമെന്നുടെ മായതങ്കൽ
വ്യാജമെന്നിയേ നിഴലിക്കുന്നു കപിവരാ!
ഓരോരോ ജലാശയേ കേവലം മഹാകാശം
നേരേ നീ കാണ്മീലയോ, കണ്ടാലുമതുപോലെ
സാക്ഷാലുളെളാരു പരബ്രഹ്മമാം പരമാത്മാ
സാക്ഷിയായുളള ബിംബം നിശ്ചലമതു സഖേ!’
സീതാദേവി ഹനുമാന് നൽകുന്ന ഉപദേശമാണ്. ഓരോ ജലാശയത്തിലും മഹത്തായ ഈ ആകാശം പ്രതിഫലിക്കുന്നതു പോലെ ഓരോ ജീവവസ്തുവിലും ശ്രീരാമതത്വം പ്രതിഫലിക്കുന്നു. ജലാശയത്തിലെ ജലം ഇളകുമ്പോൽ പ്രതിഫലനവും ചലിക്കുന്നതായി തോന്നുന്നു. ജലം നിശ്ചലമായാലോ പ്രതിഫലനം അനങ്ങുന്നതേയില്ല. എന്നാൽ പ്രതിഫലനത്തിന് കാരണമായ യഥാർത്ഥ ആകാശം ജലത്തിന്റെ അനക്കങ്ങളോടും ഇളക്കങ്ങളോടും ഒപ്പം അനങ്ങുകയേയില്ല.
‘തത്ത്വമസ്യാദി മഹാവാക്യാർത്ഥംകൊണ്ടു മമ
തത്ത്വത്തെയറിഞ്ഞീടാമാചാര്യകാരുണ്യത്താൽ’
എന്നാണ് ദേവി പറയുന്നത്. തത്വമസി തുടങ്ങിയ നാലു മഹാവാക്യങ്ങൾ കൊണ്ട് എന്റെ തത്വം നിനക്ക് അറിയാനാകും. ഭക്തന്മാരായുള്ളവർക്ക് ഇതുകൊണ്ട് തന്നെ സത്യം മനസ്സിലാവും. ഭക്തിഹീനന്മാരോ? ശാസ്ത്രഗർത്തങ്ങളിൽ തുടർച്ചെ തുടർച്ചെ ഓരോന്ന് കണ്ട് മോഹിച്ച് ചാടിവീഴും. അതുകൊണ്ട് ഭക്തിയെ വളർത്തി രാമനാമം ഹൃദയത്തിലേറ്റുക.
മോക്ഷദം പാപഹരം ഹൃദ്യമാനന്ദോദയം
സർവ്വവേദാന്തസാരസംഗ്രഹം രാമതത്ത്വം
മോക്ഷദായകവും പാപത്തെ നശിപ്പിക്കുന്നതും ആനന്ദോദയവും സർവ വേദാന്തസാര സംഗ്രഹവും ആയ രാമതത്വം ഭക്തിപൂണ്ട് പഠിക്കുന്നവൻ മുക്തനായിത്തന്നെ വരും. എത്ര ജന്മങ്ങൾ കൊണ്ടാർജ്ജിച്ച പ്രാരാബ്ധകർമ്മങ്ങളായാലും ഇല്ലാതെയാവും. എത്ര പതിതനായാലും രാമനാമം ഭക്ത്യാ ഭജിച്ചാൽ യോഗീന്ദ്രന്മാർക്കു പോലും ലഭ്യമല്ലാത്ത വിഷ്ണുലോകത്തെ പ്രാപിക്കും. ഇത് എഴുത്തച്ഛൻ നമുക്ക് തരുന്ന ഉറപ്പാണ്. നമ്മുടെ ഭാഷയുടെ കാതൽ തന്നെ അദ്ധ്യാത്മരാമായണമെന്ന ഈ മഹത്തായ കൃതിയും ഭാഷാ പിതാവ് സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനുമാകുമ്പോൾ ഓരോ മലയാളിയും അഹോ ഭാഗ്യം അഹോ ഭാഗ്യമെന്ന് കുളിരണിയേണ്ട ദിവസങ്ങളാണ് അടുത്ത ഒരു മാസം.
എല്ലാവർക്കും ബ്രേവ് ഇന്ത്യയുടെ രാമായണമാസ ആശംസകൾ
Discussion about this post