കൊല്ലം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായി തന്നെ പോരാടുമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഹയർസെക്കൻഡറി വിഭാഗം കൺവീനർ ജി എസ് ബൈജു ഇക്കാര്യം വ്യക്തമാക്കി.
കടമെടുത്തു മാത്രം സംസ്ഥാനം ഭരിക്കാൻ ഇരിക്കുന്ന, വ്യക്തമായ ആസൂത്രണം ഇല്ലാത്ത ഒരു ഭരണ സംവിധാനത്തിന്റെ ഫലമാണ് അദ്ധ്യാപകരും ജീവനക്കാരും അനുഭവിക്കേണ്ടി വരുന്നത്. ഭാരതത്തിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ജീവനക്കാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കും എന്ന മോഹന വാഗ്ദാനം നൽകി അധികാരത്തിലേറിയ പിണറായി സർക്കാർ ഏഴുവർഷം കഴിഞ്ഞിട്ടും ഇതുവരെ വാഗ്ദാനം നിറവേറ്റാൻ തയ്യാറായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്താതെ, നിയമനം നേടിയ അദ്ധ്യാപക തസ്തികകളുടെ സുരക്ഷ ഉറപ്പാക്കാതെ, വിലനിലവാര സൂചിക അങ്ങേയറ്റം ഉയർന്നിട്ടും കേന്ദ്രം അനുവദിച്ച ഡിഎ നൽകാതെ അദ്ധ്യാപകരെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പെൻഷൻ പദ്ധതി അട്ടിമറിച്ച് ജീവനക്കാരെ പണയപ്പെടുത്തി കേന്ദ്രഫണ്ടും ഏറ്റുവാങ്ങിയിട്ട് കേന്ദ്ര വിരുദ്ധ സമരമാണ് അവർ നടത്തുന്നത്.
കേന്ദ്രം നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും സമയബന്ധിതമായി നൽകിയിട്ടും, എല്ലാത്തിനും കാരണം കേന്ദ്രത്തിന്റെ കടുംപിടുത്തം ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ധനമന്ത്രിയാണ് നമുക്കുള്ളത്. അദ്ധ്യാപകർ തെരുവോരങ്ങളിൽ സമരം ചെയ്യേണ്ടി വരുന്ന ഏക സംസ്ഥാനം കേരളമായിരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദക്ഷിണ മേഖലാ സെക്രട്ടറി വി എസ് ജിതിൻ ദേവ് പറഞ്ഞു.
ജില്ലാ പ്രസിഡൻറ് പാറങ്കോട് ബിജു അധ്യക്ഷനായ പരിപാടിയിൽ, ജില്ലാ ജനറൽ സെക്രട്ടറി എസ് കെ ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. എൻ ജി ഒ സംഘ് സംസ്ഥാന സെക്രട്ടറി ആർ രാധാകൃഷ്ണ പിള്ള, വനിത വിഭാഗം സംസ്ഥാന ജോയിൻ കൺവീനർ ധനലക്ഷ്മി വിരിയറഴികത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.ആർ. ഗോപകുമാർ, ആർ.ശിവൻപിള്ള, എ.ജി. കവിത സെക്രട്ടറിമാരായ പി.എസ്.ശ്രീജിത്ത്, കെ.ആർ. സന്ധ്യ, ട്രഷറർ എ അനിൽകുമാർ, ജില്ലാ സമിതി അംഗം അർക്കന്നൂർ രാജേഷ്, തുടങ്ങിയവർ സംസാരിച്ചു. ജി. അനിൽകുമാർ, ആർ. രമേശ് കുമാർ, ഡോക്ടർ സുശീൽ കുമാർ, പ്രദീപ് ലാൽ പണിക്കർ, എം.ജി. വിശാൽ, ഷൈജു എസ് മാധവൻ, ജയചന്ദ്രൻ പിള്ള എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Discussion about this post