ശ്രീനഗർ : ജമ്മു കശ്മീരിലെ സൈനിക സ്‌കൂളുകൾ പാകിസ്താൻ ചാരസംഘടന ലക്ഷ്യം വെയ്ക്കുന്നതായി റിപ്പോർട്ട്. സ്‌കൂളിലെ വിദ്യാർത്ഥികളെ ഭീകരർ ഫോണിൽ വിളിക്കുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അദ്ധ്യാപകരെന്ന പേരിലാണ് ഭീകരർ കുട്ടികളെ ഫോണിൽ വിളിക്കുന്നത്. തുടർന്ന് ഇവരോട് വ്യക്തിഗത വിവരങ്ങളെല്ലാം ചോദിച്ചറിയും. ഇത് വലിയ തലവേദനയായി മാറിയിരിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിക്കുന്നു.
നിരന്തരമായി ചില നമ്പറുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് കോളുകളും മെസേജുകളും വരുന്നുണ്ട് എന്ന് ആർമി വെൽഫെയർ എജ്യൂക്കേഷൻ സൊസൈറ്റി അധികൃതർ പറയുന്നു. പാക് ചാരസംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ഇത്തരത്തിൽ വിദ്യാർത്ഥികളെ ഫോണിൽ ബന്ധപ്പെടുന്നത്. സ്‌കൂളിൽ നിന്നാണെന്നും മറ്റും പറഞ്ഞ് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇവരെ ചില ഗ്രൂപ്പുകളിൽ അംഗമാക്കുന്നതാണ് രീതി.
വിദ്യാർത്ഥികളോട് അവരുടെ പിതാവിന്റെ ജോലി, സ്‌കൂൾ സമയം, അവരുടെ യൂണിഫോം, അദ്ധ്യാപകരുടെ പേരുകൾ എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. ഈ സാഹചര്യത്തിൽ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കാനും ആവശ്യമെങ്കിൽ എല്ലാ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും പിരിച്ചുവിട്ട് പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനും സ്‌കൂളുകളോടും കോളേജുകളോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം സന്ദേശങ്ങൾ മറ്റ് നമ്പറുകളിൽ നിന്നും വരാമെന്നും ഭീകരർ പ്രവർത്തന രീതി മാറ്റാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
തീവ്രവാദ പരിശീലനത്തിനായി പാകിസ്താനിലേക്കും പാക് അധീന കശ്മീരിലേക്കും കടക്കുന്ന ഭീകരർ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടാണ് യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് എത്തിക്കുന്നത്. രജൗരി, പൂഞ്ച്, ചെനാബ് ജില്ലകളെയാണ് തീവ്രവാദികൾ കൂടുതലായും ലക്ഷ്യമിടുന്നത്.
Discussion about this post