തിരുവനന്തപുരം: ശമ്പളകുടിശ്ശിക മുടങ്ങിയതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ. സെക്രട്ടേറിയേറ്റിന് ചുറ്റും ബിഎംഎസിന്റെ നേതൃത്വത്തിൽ ശയനപ്രദിക്ഷണം നടത്തിയായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്. മാസം അവസാനം ആയിട്ടും ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് ജീവനക്കാർ പ്രതിഷേധം ആരംഭിച്ചത്.
ഹൈക്കോടതി ഉത്തരവ് പ്രകാരം മാസം അഞ്ചാം തിയതിയ്ക്കുള്ളിൽ ശമ്പളത്തിന്റെ ആദ്യ ഗഡുവും, 15 ന് ഉള്ളിൽ രണ്ടാം ഗഡുവും വിതരണം ചെയ്യണമെന്നാണ്. എന്നാൽ ഈ മാസം 15 ന് അർദ്ധരാത്രിയാണ് ആദ്യ ഗഡു വിതരണം ചെയ്തത്. ഇതിന് ശേഷം ഇതുവരെ രണ്ടാം ഗഡു ജീവനക്കാർ വിതരണം ചെയ്തിട്ടില്ല.
വൈകിയാണെങ്കിലും ശമ്പള വിതരണത്തിനായി 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ തുക ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടില്ല. ഓണം കൂടി അടുത്തതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ജീവനക്കാർക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലായിരുന്നു ബിഎംഎസിന്റെ നേതൃത്വത്തിൽ ജീവനക്കാർ രംഗത്ത് എത്തിയത്. ശമ്പളം വിതരണം ചെയ്തില്ലെങ്കിൽ ക്രിയാത്മക ആത്മഹത്യാസമരം നടത്തുമെന്നും ബിഎംഎസ് മുന്നിറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post