തിരുവനന്തപുരം: ഗണപതി ഭഗവാനെതിരെ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നടത്തിയ അവഹേളനങ്ങളെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ട്. എന്നാൽ, ഏകദൈവ വിശ്വാസത്തിന്റെ പ്രത്യേക തലമാണ് മുസ്ലീം കൈകാര്യം ചെയ്യുന്നത്. എല്ലാത്തിനെയും ഒരേ പോലെ എടുത്ത് മിത്താണോ അല്ലയോ എന്ന് പരിശോധിക്കാനാവില്ലെന്നും എ കെ ജി സെന്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
ഷംസീർ പറഞ്ഞത് മുഴുവൻ ശരിയാണ്. അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തെ വ്യാഖ്യാനിച്ച് ജനങ്ങൾക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന തലത്തിലേക്ക് മാറരുതെന്നും ഗോവിന്ദൻ പറഞ്ഞു.
പരശുരാമൻ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായത് എന്നതും മിത്താണ്. വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേൽ കുതിര കയറാൻ പാടില്ല. അങ്ങനെ ചെയ്യുന്നതിനെ ആരെങ്കിലും വിമർശിച്ചാൽ അത് ഹിന്ദുക്കൾക്കെതിരാണെന്നും വിശ്വാസങ്ങൾക്ക് എതിരാണെന്നുമുള്ള പ്രചാര വേലകൾ നടത്തുന്നത് ശരിയല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എല്ലാം ഭൗതികമാണെന്ന് ഞങ്ങൾ പറയുന്നില്ല. ഭൗതികതയും ഭൗതികേതര പ്രപഞ്ചവുമുണ്ട്. എന്നാൽ, ഭൗതികതയുടെ ഉത്പന്നമാണ് ഭൗതികേതര പ്രപഞ്ചമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഷംസീറിനെതിരായ പ്രചാരണത്തിൽ പാർട്ടി അദ്ദേഹത്തിനൊപ്പമാണ്. സ്പീക്കർ ആയിപ്പോയത് കൊണ്ട് അദ്ദേഹം കക്ഷി രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കുന്നുവെന്നേ ഉള്ളൂ. എങ്കിലും ഷംസീർ പാർട്ടിക്കാരൻ തന്നെയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post