തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയ്‌ക്കെതിരെ ബന്ധുക്കൾ രംഗത്ത്. ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്. കൊല്ലം ചടയമംഗലം സ്വദേശിനി അശ്വതി (32) ആണ് പ്രസവത്തിനിടെ മരിച്ചത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. ഗർഭിണിയായ അശ്വതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ആദ്യം ചികിത്സ തേടിയിരുന്നത്. എന്നാൽ കുട്ടിയ്ക്ക് വളർച്ചാ കുറവ് കണ്ടതോടെ എസ്എടി ആശുപത്രിയിലേക്ക് പോകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. എസ്എടി ആശുപത്രിയിൽവച്ച് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. തുടർന്ന് ഇരുവരെയും വാർഡിലേക്ക് മാറ്റി. എന്നാൽ വൈകീട്ടോടെ അശ്വതിയ്ക്ക് കലശലായ വയറുവേദന അനുഭവപ്പെടുകയായിരുന്നു.
വയറ് വേദന കുറയാതിരുന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽവച്ച് അശ്വതിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു മരണം. രണ്ടാമത് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാനുണ്ടായിരുന്ന കാരണം വ്യക്തമല്ലെന്ന് ആണ് അശ്വതിയുടെ കുടുംബം പറയുന്നത്. സ്‌കാൻ ചെയ്തപ്പോൾ പ്രശ്‌നമുള്ളതായി അറിയിച്ചിരുന്നില്ല. പോസ്റ്റ്‌മോർട്ടത്തിൽ മരണകാരണം വ്യക്തമല്ലെന്നാണ് പോലീസിൽ നിന്നും അറിയാൻ കഴിഞ്ഞത് എന്നും കുടുംബം വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്താൻ ആശുപത്രിയും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post