കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. ഇതിലാകും സ്ഥാനാർത്ഥി ആരെന്നകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. മണ്ഡലത്തിൽ ജെയ്ക് സി തോമസ് തന്നെയാകും മത്സരിക്കുക എന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ പ്രചാരണവും ആരംഭിച്ചു. ഇതോടെയാണ് ഇന്ന് തന്നെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ സിപിഎം തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
ജെയ്കിന് പുറമേ കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നാളെ കോട്ടയം ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമാകും ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.
ഇന്നു മുതൽ നാലുദിവസം ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളിൽ പുതുപ്പള്ളിയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യും. ഇതിന് പുറമേ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളും ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം പാർട്ടിയെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിവാദം മറികടക്കുന്നതിനാവശ്യമായ പ്രതിരോധ മാർഗ്ഗങ്ങളും യോഗം ചർച്ച ചെയ്യും.
Discussion about this post