തൃശ്ശൂർ: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷം അഴിമതിയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. തൃശ്ശൂരിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും കോൺഗ്രസും കറപ്ഷൻ പാർട്ടികളാണ്. ഇരുപാർട്ടികളും രാജ്യത്ത് എല്ലാ സ്ഥലത്തും ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. മോദി സർക്കാർ ജനക്ഷേമ നയങ്ങൾ നടപ്പിലാക്കുമ്പോൾ പ്രതിപക്ഷം അധികാരത്തിന് വേണ്ടി സഖ്യമുണ്ടാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മണിപ്പൂരിലെ ഗോത്രകലാപത്തെ ഹിന്ദു – ക്രിസ്ത്യൻ കലാപമാക്കി കേരളത്തിൽ അവതരിപ്പിച്ചു. അമിത്ഷാ അത് കൃത്യമായി പാർലമെൻ്റിൽ പറഞ്ഞു. ക്രൈസ്തവ പുരോഹിതൻമാർ പോലും വർഗീയ കലാപമാണെന്ന വാദം തള്ളി കളഞ്ഞുവെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
യോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ദേശീയ സെക്രട്ടറിയായി പുതുതായി ചുമതലയേറ്റ അനിൽ കെ ആൻ്റണിയെ കെ.സുരേന്ദ്രൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ എഎൻ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എംടി രമേശ്, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Discussion about this post