ന്യൂഡൽഹി: സുപ്രീം കോടതിയിൽ ശിക്ഷ റദ്ദാക്കപ്പെടുകയും എം പി സ്ഥാനം തിരികെ ലഭിക്കുകയും ചെയ്ത ശേഷം രാഹുൽ ഗാന്ധി ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചതോടെ, അദ്ദേഹത്തിന്റെ ജനപ്രീതിയിൽ വൻ വളർച്ച സംഭവിച്ചു എന്ന തരത്തിലാണ് കോൺഗ്രസും പ്രതിപക്ഷവും പ്രചാരണം നടത്തുന്നത്. മലയാളത്തിലെയടക്കം ചില മാദ്ധ്യമങ്ങളും ഈ പ്രചാരണം ഏറ്റുപിടിക്കുകയാണ്. എന്നാൽ ഇതിന്റെ യാഥാർത്ഥ്യം മറിച്ചാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സൻസദ് ടിവിയിൽ നിന്നും പാർലമെന്റിലെ ഇരു നേതാക്കളുടെയും പ്രസംഗങ്ങളുടെ വ്യൂവർഷിപ്പ് താരതമ്യം ചെയ്ത് രാഹുലിനെ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തേക്കാൾ കൂടുതൽ പ്രേക്ഷകരെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ലഭിച്ചു എന്നാണ് കോൺഗ്രസ് ഇതിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഈ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
എന്നാൽ യാഥാർത്ഥ്യം ഇതിൽ നിന്നും ഏറെ അകലെയാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ട്വിറ്ററിന്റെ കണക്ക് പ്രകാരം പ്രധാനമന്ത്രിക്ക് 79.9 ലക്ഷം എൻഗേജ്മെന്റുകളാണ് ഉണ്ടായിരുന്നത്. എന്നാൽ രാഹുൽ ഗാന്ധിക്കാകട്ടെ, 23.43 ലക്ഷവും. കോൺഗ്രസിന്റെ പ്രചാരണം ഇവിടെ ദയനീയമായി പാളുന്നു.
ഫേസ്ബുക്കിൽ പ്രധാനമന്ത്രിക്ക് 57.89 ലക്ഷം എൻഗേജ്മെന്റുകളാണ് ഉള്ളത്. എന്നാൽ രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിന് ആകെയുള്ളത് 28.38 ലക്ഷം എൻഗേജ്മെന്റുകൾ മാത്രവും.
ഫേസ്ബുക്കിലെ ജനപ്രീതിയുടെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാര്യമായ എതിരാളികൾ ആരും തന്നെയില്ല എന്നാണ് ഈ വർഷത്തെ ആകെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ആകെ ഇന്ററാക്ഷൻ 3.25 കോടിയാണ്. എന്നാൽ രാഹുലിന്റേതാകട്ടെ, 1.88 കോടി മാത്രവും.
യൂട്യൂബിലും രാഹുൽ മോദിക്ക് ഒരു എതിരാളിയേ അല്ല. പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിന് ആകെ 75.79 കോടി വ്യൂസ് ആണ് ഈ വർഷം ഇതുവരെ ഉള്ളത്. രാഹുലിന്റെ ആകെ വ്യൂസ് 25.38 കോടി മാത്രമാണ്. കോൺഗ്രസിന്റെയും ചില മാദ്ധ്യമങ്ങളുടെയും രാഹുൽ സ്തുതികളിൽ കഴമ്പില്ലെന്ന് മാത്രമല്ല, അവയെല്ലാം ശുദ്ധ നുണയാണ് എന്നാണ് സോഷ്യൽ മീഡിയയിലെ ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
Discussion about this post