തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധ സൂചകമായി എൻഎസ്എസ് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ എടുത്ത കേസ് പിൻവലിക്കാൻ തീരുമാനിച്ച് പോലീസ്. എൻഎസ്എസിന് ഗൂഢലക്ഷ്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടും.
നിലവിൽ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കേസ് അവസാനിപ്പിക്കുന്നതിൽ നൂലാമാലകൾ ഉണ്ട്. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്.
ഗതാഗത തടസ്സം ഉണ്ടാക്കി, ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് എൻഎസ്എസിനെതിരെ കേസ് എടുത്തിട്ടുള്ളത്. ഈ രണ്ട് വകുപ്പുകളും പ്രസക്തിയുള്ളതാണ്. റോഡ് തടസ്സപ്പെടുത്തി റാലികളും മറ്റ് പരിപാടികളും സംഘടിപ്പിക്കരുത് എന്ന് ഹൈക്കോടതി വിധിയുണ്ട്. ഇത് ലംഘിച്ചെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ നിന്നും എൻഎസ്എസിനെ ഒഴിവാക്കുക പോലീസിന് പ്രയാസകരമാണ്. ഇതേ തുടർന്നാണ് ശ്രദ്ധയോടെ നീങ്ങാനുള്ള പോലീസിന്റെ തീരുമാനം. യാത്ര നടത്തിയതിൽ എൻഎസ്എസിന് ഗൂഢലക്ഷ്യമില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എൻഎസ്എസിനോടുള്ള നിലപാട് പോലീസ് മയപ്പെടുത്തുന്നത്. കേസുമായി ബന്ധപ്പെട്ട് മുന്നോട്ട് പോയാൽ അത് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടിനെ ബാധിക്കും. ഈ ആശങ്കയെ തുടർന്ന് കേസ് അവസാനിപ്പിക്കാൻ സർക്കാരിൽ നിന്നും നിർദ്ദേം പോലീസിന് ലഭിച്ചുവെന്നാണ് സൂചന.
Discussion about this post