എറണാകുളം: കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെഎസ്‌യു നേതാവുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ച് മഹാരാജാസ് കോളേജ്. സംഭവത്തിൽ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകും. കഴിഞ്ഞ ദിവസം അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരുന്നു.
കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറ് വിദ്യാർത്ഥികൾ ചേർന്നാണ് പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനായ പ്രയേഷിനെ അപമാനിച്ചത്. അദ്ദേഹം ക്ലാസ് എടുക്കുന്നതിനിടെ ചിരിച്ചും കളിച്ചും പരിഹസിച്ചും ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. അദ്ധ്യാപകനെ അപമാനിക്കുന്ന റീൽസ് ഉണ്ടാക്കി ഇവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നായിരുന്നു സംഭവം പുറത്ത് അറിഞ്ഞതും, വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതും. സംഭവത്തിൽ അദ്ധ്യാപകനും കുടുംബവും പരാതി നൽകുകയും ചെയ്തിരുന്നു.
അദ്ധ്യാപകനോട് ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നാണ് കോളേജിന്റെ നിരീക്ഷണം. ഇതേ തുടർന്നാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ കോളേജ് ആഭ്യന്തര സമിതി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം ഇന്ന് ആരംഭിക്കും. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. മുഹമ്മദ് ഫാസിലിന് പുറമേ സി എ, നന്ദന സാഗർ,രാകേഷ് വി, പ്രിയദ എൻ ആർ, ആദിത്യ എം, ഫാത്തിമ നസ്ലം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുള്ളത്.
Discussion about this post